ഇടുക്കി: ഇടുക്കി ജില്ലയിലെ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമഘട്ട മലനിരകളുടെ കാഴ്ച ആരെയും ആകര്‍ഷിക്കുന്നതാണ്. ഇതില്‍ ഏറ്റവും മനോഹരമായ പ്രദേശമാണ് ശാന്തമ്പാറ പഞ്ചായത്തിലെ മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിന്‍റെ ഭാഗമായ ഞണ്ടാര്‍മെട്ട്. ഇടുക്കി അണക്കെട്ടിന്‍റെ ഇരുവശവും നിലനില്‍ക്കുന്ന കുറവന്‍ കുറത്തി മലകള്‍ക്ക് സമാനമായി ഉയര്‍ന്ന് നില്‍ക്കുന്ന രണ്ട് മലകള്‍. അതിനിടയിലൂടെ തമിഴ്നാടിന്‍റെ അതിമനഹോരമായ ദൃശ്യം. ബോഡി മനായ്ക്കന്നൂരിലെ കൃഷി പാടങ്ങളുടെ കാഴ്ചകളും കാണാന്‍ സാധിക്കും.
പൊട്ടിപ്പുറം കണികാ പരീക്ഷണ ശാലയുടെ തുരംഗം വന്നെത്തി നില്‍ക്കുന്നതും ഈ മലയടിവാരത്താണ്. മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിന്‍റെ കാനന ഭംഗിയും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. ആയിരക്കണക്കിന് അടി ഉയരത്തില്‍ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശം. അവ-താര്‍ സിനിമിയിലെ രംഗങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തും. അതിരാവിലെ ഇവിടെ നിന്നുള്ള ഉദയകാഴ്ചയും ഏറെ ആസ്വാദ്യകരമാണ്. ഒപ്പം രാവിലെ തമിഴ്നാടിന്‍റെ ഭാഗം പൂര്‍ണ്ണമായും മഞ്ഞ് മൂടം. ആ സമയം ഭൂമിയുടെ ഏറ്റവും അറ്റത്ത് നമ്മള്‍ എത്തിയത് പോലെയും മേഘപാളികള്‍ക്ക് മുകളിലെന്നപോലുയുമുള്ള അനുഭവമാണ് ഞണ്ടാർമെട്ട് പകർന്ന് നല്‍കുക.
സഞ്ചാരികള്‍ക്ക് അധികം പരിചിതമല്ലാത്ത ഈ പ്രദേശത്തേയ്ക്ക് ഇപ്പോള്‍ സഞ്ചാരികള്‍ എത്തി തുടങ്ങിയിട്ടുണ്ട്. പൂപ്പാറ കുമളി സംസ്ഥാന പാതയില്‍ ശാന്തമ്പാറയില്‍ നിന്നും നാല് കിലോമീറ്റര്‍ സഞ്ചാരിച്ചാൽ പേതൊട്ടിയിൽ എത്തിച്ചേരാം. ഇവിടെ നിന്നും ജീപ്പില്‍ ഓഫ് റോഡിലൂടെ അഞ്ച് കിലോമീറ്റര്‍ മല കയറി എത്തിയതിന് ശേഷം നൂറ് മീറ്റര്‍ മാത്രം കാല്‍നടയായി കാട്ടിലൂടെ സഞ്ചരിച്ചാല്‍ ഈ മനോഹര വ്യൂപ്പോയിന്‍റില്‍ എത്താന്‍ സാധിക്കും. ഇടുക്കിയിലെ കാണാ കാഴ്ചകളില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു പ്രദേശശം കൂടിയാണ് ഞണ്ടാര്‍മെട്ട്.