ഈരാറ്റുപേട്ട : സംസ്ഥാന അഗ്നിശമന സേനാ വകുപ്പിന് പുതിയതായി ലഭ്യമായ ഏറ്റവും ആധുനികമായ 5000 ലിറ്റർ കപ്പാസിറ്റിയുള്ള 6 മൊബൈൽ ടാങ്ക് യൂണിറ്റ് വാഹനങ്ങളിൽ ഒരെണ്ണം ഈരാറ്റുപേട്ട ഫയർഫോഴ്സ് സ്റ്റേഷന് ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പ്രകൃതി ദുരന്ത സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക നിവേദനം നൽകിയതിനെ തുടർന്നാണ് ആകെ ലഭിച്ച ആറുവാഹനങ്ങളിൽ ഒരെണ്ണം ഈരാറ്റുപേട്ടയ്ക്ക് അനുവദിച്ചതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ചൂണ്ടിക്കാട്ടി. 50 ലക്ഷം രൂപയോളം വിലവരുന്ന
പുതിയ മൊബൈൽ ടാങ്ക് യൂണിറ്റിൽ ഹോണ്ട പമ്പ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാല് ഡെലിവറി വാൽവും, അതുപോലെതന്നെ ഡിജിറ്റൽ ഡിസ്പ്ലേ
തുടങ്ങിയ പ്രത്യേകതകളും ഉള്ളതാണ്. പുതുതായി ലഭിച്ച വാഹനം. കൂടാതെ തീപിടുത്തം അടക്കമുള്ള സന്ദർഭങ്ങളിൽ വാട്ടർ ഗൺ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങൾ വാഹനത്തിനുള്ളിൽ നിന്നുതന്നെ നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ വാഹനം ലഭ്യമായതോടെ അടിയന്തര സാഹചര്യങ്ങളിൽ ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലും മറ്റും ഈരാറ്റുപേട്ട അഗ്നിശമന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വേഗതയിലും കാര്യക്ഷമമായും നടപ്പിലാക്കാൻ കഴിയുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.