കേരളം

സ്വാതന്ത്ര്യദിനത്തിലും ഗാന്ധിജയന്തിക്കും ഇനി അവധിയില്ല? പ്രവൃത്തിദിനമാക്കാൻ ആലോചന

സ്വാതന്ത്ര്യദിനത്തിലെയും ഗാന്ധി ജയന്തി ദിനത്തിലെയും അവധികൾ ഒഴിവാക്കാനുള്ള ആലോചനയിൽ പൊതുവിദ്യാഭ്യാസ വകുപ്പ്. ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഈ ദിനങ്ങളിൽ അവധി നൽകുന്നതിന് പകരം അദ്ധ്യയനദിനമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്. ഒരു മലയാള ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട്ചെയ്തത്. നിശ്ചിത അദ്ധ്യയന ദിനങ്ങൾ ഉറപ്പാക്കാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒരു അദ്ധ്യയന വർഷം 220 പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന സമിതിയാണ് ഇക്കാര്യം പരിഗണിക്കുന്നത്. ദിനാചരണം അവധിയാക്കാതെ കുട്ടികൾക്ക് അറിവുപകർന്ന് നൽകാനുള്ള സന്ദർഭമാക്കണമെന്ന് നേരത്തേ ഖാദർ കമ്മിറ്റിയും ശുപാർശ ചെയ്തിരുന്നു. ഈ ദിവസങ്ങളിൽ ക്ളാസ് മുറികളിലെ പഠനത്തിന് പകരം കുട്ടികളെ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനാണ് ലക്ഷ്യമിടുന്നത്.ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ 800 പഠനമണിക്കൂറുള്ള 200 പ്രവൃത്തിദിനങ്ങളും ആറുമുതൽ എട്ടുവരെ ക്ളാസുകളിൽ 1000 പഠനമണിക്കൂറുള്ള 220 പ്രവൃത്തിദിനങ്ങളും വേണം. 

എട്ടുവരെ മാത്രമേ വിദ്യാഭ്യാസ അവകാശനിയമം ബാധകമാവൂ. എൽപിയിൽ 200 ദിനങ്ങൾ കണ്ടെത്താനാവും. എന്നാൽ യുപിയിലും ഹൈസ്‌കൂളിലും 220 പ്രവൃത്തിദിനം ഉറപ്പാക്കുക ഏറെ ബുദ്ധിമുട്ടാണ്. ഇപ്പോൾ ശരാശരി 195 പ്രവൃത്തി ദിനങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂ . ഇതിനുള്ള പോംവഴിയാണ് കണ്ടെത്താൻ ശ്രമിക്കുന്നത്.ശനിയാഴ്ച പ്രവൃത്തിദിനമാക്കണമെന്ന നിർദേശം ഉയർന്നെങ്കിലും ഭൂരിപക്ഷം അദ്ധ്യാപക സംഘടനകളും ഇതിനെ എതിർക്കുകയാണ്. തുടർച്ചയായി ആറുപ്രവൃത്തിദിവസം വരാതെ ശനിയാഴ്ച അദ്ധ്യയന ദിനമാക്കാമെന്ന ധാരണയായിട്ടുണ്ട്. ഇതിലൂടെ അടുത്ത അദ്ധ്യയനവർഷം മുതൽ ഏഴ് അദ്ധ്യയന ദിനങ്ങൾ അധികം ലഭിക്കും. സ്കൂൾ സമയം അരമണിക്കൂർ അധികമാക്കുന്നതും സജീവ പരിഗണനയിലുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ മാസത്തിൽ രണ്ടുദിവസം അധികമായി ലഭിക്കും. ഇതിനുപുറമേ കലാകായികമേളകൾ ശനിയാഴ്ചയിലേക്കുകൂടി ക്രമീകരിച്ച് കൂടുതൽ അദ്ധ്യയന ദിനങ്ങൾ ഒരുക്കാമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. എന്നാൽ മഴപോലുളള അപ്രതീക്ഷിത അവധികൾ അദ്ധ്യയന ദിനങ്ങൾ കവർന്നെടുക്കുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്.