ഇൻഡ്യ

കാത്തിരിപ്പുകൾക്ക് വിരാമം, രാജ്യത്ത് 5ജി സേവനം ഇന്ന് ആരംഭിക്കും

നീണ്ട വർഷങ്ങളായി 5ജി സേവനങ്ങൾക്കുള്ള കാത്തിരിപ്പിന് ഇന്ന് വിരാമം. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ ഒന്നു മുതൽ രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കും. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ആറാമത് എഡിഷന്റെ ഉദ്ഘാടന വേളയിലാണ് പ്രധാനമന്ത്രി രാജ്യത്തെ 5ജി സേവനങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കുക. ആദ്യ ഘട്ടത്തിൽ ദീപാവലിയോടെ പ്രധാന മെട്രോ നഗരങ്ങളിൽ 5ജി സേവനം ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നത്.

അടുത്ത വർഷം അവസാനത്തോടെ എല്ലാ നഗര പ്രദേശങ്ങളിലും 5ജി സേവനങ്ങൾ ഉറപ്പുവരുത്താനുള്ള നടപടികൾ ഇതിനോടകം ടെലികോം സേവന ദാതാക്കൾ ആരംഭിച്ചിട്ടുണ്ട്. 2024 ഓടെയാണ് രാജ്യത്തിന്റെ വിവിധ ഗ്രാമീണ മേഖലകളിൽ 5ജി എത്തിക്കുക.

5ജി ലേല നടപടികൾ പൂർത്തീകരിച്ച് ദിവസങ്ങൾക്കകം ഒക്ടോബറിൽ 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോയും ഭാരതി എയർടെലും പ്രഖ്യാപിച്ചിരുന്നു. അതേസമയം, 4ജി സിം കാർഡ് കൈവശമുള്ളവർ അവരുടെ സിമ്മുകൾ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടതില്ലെന്ന് ഇതിനോടകം എയർടെൽ അറിയിച്ചിട്ടുണ്ട്.