കേരളം

പോപ്പുലര്‍ ഫ്രണ്ടിനെ മാത്രമല്ല ആര്‍എസ്എസിനെയും നിരോധിക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് നല്ല കാര്യമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി.എഫ്.ഐയെ നിരോധിച്ചത് പോലെ ആർ.എസ്.എസിനെയും നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വര്‍ഗീയത ആളിക്കത്തിക്കുന്ന കാര്യത്തില്‍ പോപ്പുലർ ഫ്രണ്ടിനെ പോലെ തന്നെ ആർ.എസ്.എസിനും ഒരു നിലപാട് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

‘ആർ.എസ്.എസിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സമീപനം തെറ്റാണ്. കോണ്‍ഗ്രസ് എന്നും ഭൂരിപക്ഷ വര്‍ഗീയതയ്ക്കും ന്യൂനപക്ഷ വര്‍ഗീയതയ്ക്കും എതിരാണ്. വര്‍ഗീയ തീവ്രവാദം ആളിക്കത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ അധികാരം നേടാനമുള്ള എല്ലാ ശ്രമങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കും. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താല്‍ നേരിടുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍ കാണിച്ച അലംഭാവം ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഏത് തരത്തിലുള്ള വര്‍ഗീയതയെയും ചെറുക്കണമെന്നുള്ള നിലപാടാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എന്നുമുള്ളത്.

എന്നാല്‍, ഏതെങ്കിലും സംഘടനയെ നിരോധിച്ചത് കൊണ്ട് മാത്രം കാര്യമില്ല. അവര്‍ വേരെ പേരില്‍ വരും. സിമിയെ നിരോധിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന പേരില്‍ വന്നു. അങ്ങനത്തെ സാഹചര്യത്തില്‍ വര്‍ഗീയതയെ എതിര്‍ക്കാന്‍ രാജ്യത്തെ എല്ലാ മതേതര ശക്തികളും യോജിച്ച് നിന്ന് കൊണ്ട് പോരാട്ടം നടത്തണം’, ചെന്നിത്തല പറഞ്ഞു.