സദ്യ ഉണ്ണണമെങ്കിൽ മലയാളിക്ക് പപ്പടം നിർബന്ധമാണ്. പ്രത്യേകിച്ച് വിവാഹ സദ്യയ്ക്ക്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ പപ്പട പ്രിയരാണ്. സദ്യയിൽ പരിപ്പിനൊപ്പം മുതൽ പായസത്തിനൊപ്പം വരെയും നമ്മൾ പപ്പടം കൂട്ടിക്കഴിക്കാറുണ്ട്. മിക്കപ്പോഴും പപ്പടം നാം കടയിൽനിന്ന് വാങ്ങാറാണ് പതിവ്. എന്നാൽ, നല്ല രുചികരമായ പപ്പടം വീട്ടിൽ തയ്യാറാക്കാൻ കഴിയും. ഇതിനായി കുറഞ്ഞ സമയവും ചിലവും മാത്രമാണ് ആവശ്യമുള്ളത്. പപ്പടം ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങളും പാചകവിധിയും ഇങ്ങനെയാണ്.
പപ്പടം ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ ഇവയാണ്;
ഉഴുന്ന് പരിപ്പ്- 1 കിലോ
അപ്പക്കാരം – 35 ഗ്രാം
പെരുംകായം- 1 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം;
ഉഴുന്ന് പരിപ്പ് നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് ഉപ്പ്, അപ്പക്കാരം, പെരുംകായം എന്നിവ ചേര്‍ക്കുക. വെള്ളം കുറച്ച് ചേര്‍ത്ത് ഈ മാവ് അല്‍പ്പനേരം നല്ല കട്ടിയില്‍ നന്നായി കുഴച്ചെടുക്കുക. കുഴച്ചതിന് ശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത്, ചെറിയ വട്ടത്തിൽ പരത്തിയെടുക്കുക. ഇതിന് ശേഷം വെയിലത്ത് ഉണക്കാനിടുക. ഉണങ്ങിയെടുത്ത പപ്പടം വായുസഞ്ചാരമില്ലാത്തിടത്ത് വെച്ചാൽ ഏറെനാൾ കേടുകൂടാതെ സൂക്ഷിക്കാം.