ഇൻഡ്യ

പൗരത്വ ഭേദഗതി നിയമം; ഹരജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി വീണ്ടും മാറ്റി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി വീണ്ടും മാറ്റി. ഹരജികള്‍ അടുത്ത തിങ്കളാഴ്ച പരിഗണിക്കും. 223 ഹരജികളും സെപ്തംബര്‍ 19ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അറിയിച്ചു.മുതിര്‍ന്ന അഭിഭാഷകരുടെ അപേക്ഷ പ്രകാരമാണ് ഹരജികള്‍ മാറ്റിയത്.

2019 ഡിസംബര്‍ പതിനൊന്നിനാണ് പൗരത്വ നിയമഭേദഗതിക്കുള്ള ബില്ല് പാര്‍ലമെന്റ് പാസാക്കിയത്.അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ നിന്ന് പലായനം ചെയ്ത ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്‌സി വിഭാഗക്കാര്‍ക്ക് മാത്രം ഇന്ത്യന്‍ പൗരത്വം നല്കുന്നതാണ് ഭേദഗതി. ഇതിനെതിരേയാണ് സുപ്രിംകോടതിയില്‍ ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടത്. മുസ്‌ലിം ലീഗാണ് നിയമഭേദഗതിയെ എതിര്‍ത്ത് ആദ്യം ഹരജി നല്കിയത്. സിപിഎം, സിപിഐ, എംഐഎം തുടങ്ങിയ പാര്‍ട്ടികളും രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ള നേതാക്കളും നല്‍കിയ ഹരജികളും കോടതിയുടെ പരിഗണനയിലുണ്ട്.കേരള നിയമസഭ നിയമത്തെ എതിര്‍ത്ത് പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരും നിയമത്തെ എതിര്‍ത്ത് ഹരജി നല്‍കിയിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഹരജികളില്‍ പറയുന്നത്.

ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചീഫ് ജസ്റ്റിസായിരുന്നപ്പോഴാണ് ഹരജികള്‍ വന്നത്.എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം അറിയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.എന്നാല്‍ യു യു ലളിത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിന് പിന്നാലെയാണ് ഈ ഹരജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്.