തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നു തുടങ്ങും. ആറു ലക്ഷത്തോളം മഞ്ഞക്കാര്‍ഡ് ഉടമകള്‍, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവസികള്‍, വയനാട് ദുരന്തബാധിത മേഖലയിലെ റേഷന്‍കാര്‍ഡ് ഉടമകള്‍ എന്നിവര്‍ക്കാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുക.
സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഓണക്കിറ്റുകള്‍ ഇന്നു മുതല്‍ വിതരണം ആരംഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് നാളെ മുതല്‍ ഉദ്യോഗസ്ഥര്‍ കിറ്റുകള്‍ നേരിട്ട് എത്തിക്കും. ക്ഷേമ സ്ഥാപനങ്ങളില്‍ താമസിക്കുന്നവരില്‍ 4 പേര്‍ക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക.കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക്‌പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉള്‍പ്പെടെ 14 ഇനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്.