കേരളം

ഓണം സ്‌പെഷ്യല്‍ കെഎസ്ആര്‍ടിസി സര്‍വീസ്; ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

തിരുവനന്തപുരം: ഓണക്കാല അവധിദിനങ്ങളോടനുബന്ധിച്ച് കെഎസ്ആര്‍ടിസി സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ സെപ്റ്റംബര്‍ 23 വരെ പ്രത്യേക അധിക സര്‍വീസുകള്‍ നടത്തും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും, അവധി കഴിഞ്ഞ് തിരിച്ചു പോകുന്നതിനുമായി നിലവിലുള്ള 90 ബസ്സുകള്‍ക്ക് പുറമെ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസ്സുകളും സര്‍വീസ് നടത്തും. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ നാളെ മുതല്‍ ആരംഭിക്കും.

www.onlineksrtcswift.com എന്ന വെബ്‌സൈറ്റുകള്‍ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് സീറ്റുകള്‍ ബുക്കിങ് ആകുന്നതനുസരിച്ച് കൂടുതല്‍ ബസ്സുകള്‍ ഘട്ടം ഘട്ടമായി ക്രമീകരിക്കുന്നതാണ്.

ഡിമാന്റ് അനുസരിച്ച് അധിക ബസ്സുകള്‍ ക്രമീകരിക്കുമ്പോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ആവശ്യാനുസരണം അഡീഷണല്‍ സര്‍വിസുകള്‍ അയക്കണമെന്നും കൂടാതെ നിലവില്‍ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂള്‍ഡ് സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് എസി, നോണ്‍ എ.സി, ഡിലക്‌സ് ബസ്സുകള്‍ കൃത്യമായി സര്‍വ്വീസ് നടത്തുവാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ബത്തേരി, മൈസൂര്‍, ബംഗളൂരു, സേലം, പാലക്കാട് എന്നീ കേന്ദ്രങ്ങളില്‍ അധികമായി സപ്പോര്‍ട്ട് സര്‍വീസിനായി ബസ്സുകളും ക്രൂവും ക്രമീകരിച്ചിട്ടണ്ട്.