അരലക്ഷം രൂപക്ക് ഒരു പൂവൻ കോഴി ലേലത്തിൽ പോയെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുന്നുണ്ടോ? എന്നാൽ സംഭവം സത്യമാണ് .
ഒരു പൂവൻ കോഴി ലേലത്തിൽ പോയത് അരലക്ഷം രൂപയ്ക്കാണ് . പാലക്കാട് ജില്ലയിലെ മണ്ണാർക്കാടാണ് വാശിയേറിയ ലേലത്തിനൊടുവിൽ അര ലക്ഷം രൂപക്ക് ലേലമുറപ്പിച്ചത്. വെറും പത്ത് രൂപയിൽ തുടങ്ങിയ ലേലം അവസാനിച്ചത് 50,000 രൂപയിലാണ്.
തച്ചമ്പാറ കുന്നത്തുകാവ് പൂരത്തോടനുബന്ധിച്ചുള്ള ഗാനമേളക്ക് ഫണ്ട് ശേഖരിക്കാനായിരുന്നു വാശിയേറിയ ലേലം വിളി നടന്നത്. വിട്ടുകൊടുക്കാൻ വിവിധ വേല കമ്മിറ്റികൾ തയ്യാറാകാതിരുന്നതോടെ ലേലം മുറുകി. അവസാനം അമ്പതിനായിരം രൂപയ്ക്ക് കൂൾബോയ്സ് എന്ന കമ്മിറ്റിയാണ് പൂവനെ സ്വന്തമാക്കിയത്.
പരിധിവിട്ടതോടെ ലേലം വിളി നിർബന്ധപൂർവം അവസാനിപ്പിക്കേണ്ടിവന്നു എന്നാണ് സംഘാടകർ പറയുന്നത്. അല്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ എത്തിയേനെയെന്ന് സംഘാടകർ വ്യക്തമാക്കി. വിവിധ വേല കമ്മിറ്റികളായ, കൂൾ ബോയ്സ്, പഞ്ചമി കൂറ്റംമ്പാടം, കൊമ്പൻസ് തെക്കുംപുറം എന്നിവരാണ് വാശിയോടെ ലേലത്തിൽ പങ്കെടുത്തത്. ഗാനമേളയ്ക്കുള്ള ഫണ്ട് ശേഖരിക്കാൻ ഓരോ ദിവസവും ഓരോ സാധനങ്ങളാണ് ലേലം വിളിക്കുന്നത് . ലേലത്തിനായി പൂവൻകോഴി എത്തിയപ്പോഴാണ് സംഗതി കളറായത്.