ഈരാറ്റുപേട്ട: കേരള ജനമൈത്രി പോലീസ് പാലാ സബ്ഡിവിഷന്റെയും അരുവിത്തുറ സെന്റ് ജോർജ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കായി ആരോഗ്യ സാമൂഹിക സുരക്ഷാ ബോധവൽക്കരണ സെമിനാറും മെഡിക്കൽ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വച്ച് നടന്ന മെഡിക്കൽ ക്യാമ്പിന്റെയും ആരോഗ്യ സാമൂഹിക സുരക്ഷാ ബോധവൽക്കരണ സെമിനാറിന്റെയും ഔദ്യോഗിക ഉദ്ഘാടനം പാലാ ഡി വൈ എസ് പി ഗിരീഷ് പി സാരഥി നിർവഹിച്ചു.
അരുവിത്തുറ സെന്റ് ജോർജ് കോളേജ് മാനേജർ റവ.ഡോ.അഗസ്റ്റിൻ പാലക്കാപറമ്പിൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു സംസാരിച്ചു. അതിഥി തൊഴിലാളികളുടെ ആരോഗ്യത്തിനും സാമൂഹ്യ സുരക്ഷക്കും ഊന്നൽ കൊടുക്കുന്ന കേരള പോലീസിന്റെ ജനകീയ പദ്ധതികളെ കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ ഗിരീഷ് പി സാരഥി വിവരിച്ചു.
അതിഥി തൊഴിലാളികൾ നേരിടുന്ന വിവിധ തരത്തിലുള്ള സാമൂഹിക ആരോഗ്യ പ്രതിസന്ധികളെ കുറിച്ച് സർക്കിൾ ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ വിവരിച്ചു. അതിഥി തൊഴിലാളികൾക്കായി നടന്ന സാമൂഹിക സുരക്ഷാ ബോധവൽക്കരണ സെമിനാർ പാലാ ലേബർ ഓഫീസർ ബെന്നി ടി.കെ. നയിച്ചു. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ മഹറൂഫ് അതിഥി തൊഴിലാളികൾക്കായി നടന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസ് നയിച്ചു.
ഇരുന്നൂറോളം അതിഥി തൊഴിലാളികൾ പങ്കെടുത്ത ബോധവൽക്കരണ പരിപാടിക്കും മെഡിക്കൽ ക്യാമ്പിനും കോളേജ് പ്രിൻസിപ്പാൾ ഡോ. സിബി ജോസഫ്, വൈസ് പ്രിൻസിപ്പാൾ ഡോ.ജിലു ആനി ജോൺ, കോഴ്സ് കോഡിനേറ്റർ ഫാ. ജോർജ് പുല്ലുകാലായിൽ , ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ വി വി വിഷ്ണു,
ഈരാറ്റുപേട്ട പോലീസ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ബിനോയ് തോമസ്, അധ്യാപകരായ ഡോ. സണ്ണി ജോസഫ്, മിഥുൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.