ജനറൽ

തിയേറ്റർ-ഒടിടി റിലീസ് തർക്ക പരിഹാരം; ഫിലിം ചേമ്പർ യോഗം ഇന്ന്

തിയേറ്റർ-ഒടിടി റിലീസ് തർക്കം പരിഹരിക്കുന്നതിനായുള്ള ഫിലിം ചേമ്പർ യോഗം ഇന്ന് നടക്കും. ഒടിടി റിലീസ് 42 ദിവസത്തിന് ശേഷമാക്കണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് തിയേറ്റർ ഉടമകൾ. ഇത് പാലിക്കാത്തവരുടെ സിനിമകൾ തിയേറ്ററിൽ പ്രദർശിപ്പിക്കേണ്ടതില്ല എന്നുമാണ് ഫിയോക്കിന്റെ നിബന്ധന. ഇക്കാര്യത്തിലാണ് ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടുകുക. വ്യക്തിബന്ധം ഉപയോ​ഗിച്ച് പല നിർമ്മാതാക്കളും നടന്മാരും തിയേറ്റർ റിലീസ് ചെയ്ത ഉ‌ടൻ തന്നെ ഒടിടിയിലും സിനിമ റിലീസ് ചെയ്യുകയാണ്. പല സിനിമകളും 14 ദിവസത്തിനകം ഒടിടിയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇനി മുതൽ അത് അനുവ​ദിക്കില്ല എന്നും 42 ദിവസത്തെ നിബന്ധന നിർമ്മതാക്കളുടെ ചേംബർ തന്നെ ഒപ്പിട്ട് നൽകിയിരുന്നു.

കൂടാതെ റിലീസിനുള്ള അപേക്ഷ ഇനി മുതൽ ചേംബർ പരി​ഗണിക്കില്ല. മാത്രമല്ല ഇത് ലംഘിക്കുന്ന നിർമ്മാതാക്കളെ വിലക്കാനുമാണ് തീരുമാനം. തിയേറ്ററിൽ കാണികൾ കുറയാനുള്ള കാരണങ്ങളിൽ ഒന്ന് ഇതാണ് എന്ന് ചേംബറും ഫിയോക്കും മുമ്പ് നടന്ന യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകൾക്കും ഇത് ബാധകമാണ്. 56 ദിവസമാണ് ഹിന്ദി സിനിമയ്ക്ക് പറഞ്ഞിട്ടുള്ളത്. മികച്ച അഭിപ്രായം നേടിയ സിനിമകൾ പോലും മൂന്നോ നാലോ ദിവസത്തിന് ശേഷം കാണികൾ കുറയുന്നത് ഉടൻ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് എന്നും ഫിയോക്കും ചേംബറും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.