കോട്ടയം

പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം: സിപിഐഎമ്മും കേരള കോണ്‍ഗ്രസ് എമ്മും തമ്മില്‍ തര്‍ക്കം

കോട്ടയം: പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി സിപിഐഎമ്മും കേരള കോണ്‍ഗ്രസ് എമ്മും തമ്മില്‍ തര്‍ക്കം. ചെയര്‍മാന്‍ സ്ഥാനം കൈമാറാനുള്ള ധാരണ കേരള കോണ്‍ഗ്രസ് എം പാലിച്ചില്ലെന്ന് സിപിഐഎം ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ ധാരണ അനുസരിച്ച് അടുത്ത ഒരു വര്‍ഷക്കാലം ചെയര്‍മാന്‍ സ്ഥാനം സിപിഐഎമ്മിനാണ് കിട്ടേണ്ടത്. തല്‍ക്കാലം ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കില്ലെന്ന് കേരള കോണ്‍ഗ്രസ് എം തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ ഭരണത്തിലുള്ള ഏക നഗരസഭയുടെ ഭരണം ഉടന്‍ വിട്ടുതരുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ജോസ് കെ മാണി സിപിഐഎം നേതാക്കളെ അറിയിച്ചതായി നേരത്തെ സൂചനകളുണ്ടായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷമുണ്ടാക്കിയ ധാരണ പ്രകാരം, ചെയര്‍മാന്‍ സ്ഥാനം ആദ്യ രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിനും പിന്നീട് ഒരു വര്‍ഷം സിപിഐഎമ്മിനും അവസാന രണ്ട് വര്‍ഷം വീണ്ടും കേരള കോണ്‍ഗ്രസിനുമാണ്. നഗരസഭാ ഭരണം വിട്ടുനല്‍കില്ലെന്ന കേരള കോണ്‍ഗ്രസ് നിലപാട് സിപിഐഎം ജില്ലാ നേതൃത്വത്തിന് സ്വീകാര്യമായെങ്കിലും പാലാ പ്രാദേശിക നേതൃത്വം ചെയര്‍മാന്‍ സ്ഥാനം ഉടന്‍ കിട്ടണമെന്ന നിലപാട് സ്വീകരിച്ചതാണ് നിലവിലെ പ്രതിന്ധിക്ക് കാരണം.