പ്രവാസം

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍; പ്രവാസി ഹജ്ജ് തീര്‍ഥാടകര്‍ക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ പുതിയ സര്‍ക്കുലര്‍

കേന്ദ്ര  സര്‍ക്കാര്‍ ക്വാട്ട വഴി ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ച പ്രവാസികള്‍ക്ക് തിരിച്ചടിയായി വിദേശകാര്യമന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. ഹജ്ജിന് അവസരം ലഭിച്ച തീര്‍ഥാടകര്‍ ഏപ്രില്‍ പതിനെട്ടിന് മുമ്പ് പാസ്പോര്‍ട്ട്, വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി നല്‍കണമെന്ന സര്‍ക്കുലറാണ് ആശങ്കയ്ക്ക് വഴിവച്ചത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ഏപ്രില്‍ 25നകം പാസ്പോര്‍ട്ടിന്റെ ഒറിജിനല്‍ വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി സമര്‍പ്പിക്കണം എന്നായിരുന്നുനേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഏപ്രില്‍ പതിനെട്ടിനകം എല്ലാ തീര്‍ഥാടകരും വെരിഫിക്കേഷനായി പാസ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന്, ഏപ്രില്‍ പതിനാറിന് കേന്ദ്രവിദേശകാര്യമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി.

പുതിയ ഉത്തരവുപ്രകാരം, പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഷ്ടി ഒരു ദിവസത്തെ സമയം പോലും ലഭിച്ചില്ല എന്നാണ് ആക്ഷേപം. നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം അവസാനം നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസി തീര്‍ഥാടകരും വെട്ടിലായി. മിക്ക തീര്‍ഥാടകര്‍ക്കും കഴിഞ്ഞ ദിവസം ഹജ്ജിനായുള്ള വിസ ലഭിച്ചിട്ടുണ്ട്. യാത്രാ തിയ്യതിയും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.പണമടക്കുകയും വിസ കൈപറ്റുകയും ചെയ്ത ശേഷം പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ പേരില്‍ തീര്‍ഥാടനം മുടങ്ങിപ്പോകുമോ എന്ന ആശങ്കയാണ് പ്രവാസികള്‍ ഉയര്‍ത്തുന്നത്. പാസ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തിയ്യതി ഇന്നവസാനിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് അനുകൂലമായ പുതിയൊരു ഉത്തരവ് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.