കേരളം

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ സീല്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചതോടെ സംസ്ഥാനത്തെ സംഘടനകളുടെ ഓഫീസുകള്‍ സീല്‍ ചെയ്യാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പോലീസിന് ലഭിച്ചു.

നിരോധനം നിലവില്‍ വന്നതോടെ പി.എഫ്.ഐയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും ഉടന്‍ മരവിപ്പിക്കും. എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഇതിനോടകം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്നാവും തുടര്‍ന്നുളള നീക്കങ്ങള്‍.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ സംഘടനകളേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. ഇവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും സഹായിക്കുന്നതും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.