കേരളം

ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധിച്ചുകൊണ്ട് പോലീസ് നടത്തുന്ന ഇടപെടൽ അവസാനിപ്പിക്കണം: മുവാറ്റുപുഴ അഷ്റഫ് മൗലവി മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളി തടയാനുള്ള കേരളാ പോലീസ് നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി അനുവദിക്കില്ലെന്ന് കാണിച്ച് കേരളത്തില്‍ വ്യാപകമായി പോലീസ് ആരാധനാലങ്ങള്‍ക്ക് നോട്ടീസ് നല്‍കിക്കൊണ്ടിരിക്കുന്നു. കേവലം മൂന്നു മിനിട്ടു മാത്രം ദൈര്‍ഘ്യമുള്ള ബാങ്ക് വിളിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പോലീസിന്റെ നിലപാട് അംഗീകരിക്കാവുന്നതല്ല. വ്യത്യസ്ത ജാതി മതവിഭാഗങ്ങള്‍ അവരുടെ വിശ്വാസവുമായി പുലര്‍ത്തിപ്പോരുന്ന ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

എല്ലാ മതവിഭാഗങ്ങളുടെയും ഇത്തരം സ്വാതന്ത്ര്യങ്ങളെ പൊതുസമൂഹങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാകാത്ത വിധത്തില്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും ഉണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഉചിതമായ സമീപനം സ്വീകരിക്കണം. ഇത്തരം പ്രകോപനപരമായ സമീപനം പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് അവസാനിപ്പിക്കണം. ഇത്തരത്തില്‍ പോലീസിന് അധികാരം നല്‍കുന്ന എന്തെങ്കിലും വകുപ്പുകളുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് പുനപ്പരിശോധിക്കണം. വിശ്വാസി സമൂഹങ്ങള്‍ക്കിടയില്‍ കടുത്ത അസ്വസ്ഥതയും നിരാശയും പ്രതിഷേധവുമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇത്തരം നടപടികളെന്നും മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി