കേരളം

പൂഞ്ഞാറിൽ വൈദീകനെ വാഹനമിടിപ്പിച്ച സംഭവം :ഈരാറ്റുപേട്ടയിൽ നടന്നത് തെമ്മാടിത്തം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കെഎൻഎം ഉപാധ്യക്ഷൻ ഹുസൈൻ മടവൂരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖത്തിനിടെയാണ് വിമർശനം. ഈരാറ്റുപേട്ടയിൽ മുസ്ലീം വിഭാഗത്തിനെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തെന്ന് ഹുസൈൻ മടവൂർ പറഞ്ഞിരുന്നു. എന്നാൽ ഈരാറ്റുപേട്ടയിൽ നടന്നത് തെമ്മാടിത്തം എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.എന്തു തെമ്മാടിത്തമാണ് യഥാർത്ഥത്തിൽ അവിടെ കാട്ടിയത്? ആ ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്നു പറയുമ്പോൾ എല്ലാവരും ഉണ്ടാകും എന്നല്ലേ നമ്മൾ കരുതുന്നത്. പക്ഷെ അതിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞു പിടിച്ചല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഹുസൈൻ മടവൂരിനെ പോലുള്ളവർ പോലെയുള്ളവർ തെറ്റായ ധാരണ വച്ചുപുലർത്തരുത്. പോലീസിന്റെ ഭാഗത്ത് തെറ്റുണ്ടാകാം. തെറ്റുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്തിയാൽ നടപടിയും എടുക്കാം’- മുഖ്യമന്ത്രി പറഞ്ഞു.

പൂഞ്ഞാർ സെന്റ് ഫെറോന പള്ളിയിലെ വൈദികനെ വാഹനമിടിപ്പിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സംഭവത്തിൽ 27 വിദ്യാര്‍ത്ഥികളെയാണ് പ്രതി ചേര്‍ത്തിരുന്നത്. ഇവരിൽ പത്ത് പേര്‍ പ്രായപൂര്‍ത്തിയായവരായിരുന്നില്ല. എല്ലാവര്‍ക്കും ജാമ്യവും ലഭിച്ചിരുന്നു. ഈ സംഭവമാണ് ഹുസൈൻ മടവൂര്‍ മുഖാമുഖം പരിപാടിയിൽ ഉന്നയിച്ചത്. ഇതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.