കേരളം

പോപുലർ ഫ്രണ്ട് ഓഫിസുകളിലും വീടുകളിലും എൻ.ഐ.എ, യുടെ റെയ്ഡ്: നേതാക്കൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാനത്തെ വിവിധ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എയും ഇഡിയും സംയുക്തമായി റെയ്ഡ് നടത്തുന്നു. ഇന്ന് പുലർച്ചെ നാലുമണി മുതലാണ് റെയ്ഡ് തുടങ്ങിയത്. പോപുലർ ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി നസറുദ്ധീൻ എളമരത്തെയും തൃശൂരിൽ സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെയും കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടെ സംസ്ഥാന ഓഫിസിലും കൊല്ലം മേഖലാ ഓഫിസിലും പത്തനംതിട്ട, മഞ്ചേരി, തിരുനന്തപുരം, കണ്ണൂർ, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ (കരുനാഗപള്ളി), ദേശീയ ജനറൽ സെക്രട്ടറി നസറുദ്ധീൻ എളമരം, ചെയർമാൻ ഒ.എം.എ സലാം (മഞ്ചേരി), മുൻ നാഷണൽ കൗൺസിൽ അംഗം കരമന അശ്റഫ് മൗലവി, മുൻ ചെയർമാൻ ഇ. അബൂബക്കർ (കരുവൻപൊയിൽ), പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ്, സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ്‌ ബഷീർ തുടങ്ങിയവരുടെ വീട്ടിലും റെയ്ഡ് നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാന്റെ കേച്ചേരിയിലെ വീട്ടിലും റെയ്ഡ് നടത്തി. അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തു. റെയ്ഡ് ഭരണകൂട ഭീകരതയെന്ന് ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ പറഞ്ഞു. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കാനും പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ, ഇഡി എന്നീ കേന്ദ്ര ഏജൻസികൾ അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി.