ഈരാറ്റുപേട്ട ∙ നവീകരിച്ച വാഗമൺ റോഡിൽ വേലത്തുശ്ശേരി ഭാഗത്തു കുഴികളുണ്ടാകാൻ കാരണം ശക്തമായ മഴയിൽ രൂപപ്പെട്ട ഉറവകളെന്നു പൊതുമരാമത്തു വകുപ്പ് റിപ്പോർട്ട്.ഉപരിതലത്തിലെ ബിഎം ബിസി ടാറിങ്ങിൽ മാത്രമാണ് കുഴികൾ രൂപപ്പെട്ടത്. ശക്തമായ ഉറവ മൂലം മഴ വെള്ളം റോഡിന് അടിയിൽ നിന്നു മുകളിലേക്ക് കുത്തിയൊഴുകിയത് മൂലമാണ് ഉപരിതലത്തിനു കേടുപാടുണ്ടായത്. ഈ ഭാഗത്ത് റോഡിന് വലതുവശത്ത് ഉപരിതല ഓടയുണ്ട്.
മഴവെള്ളം വശങ്ങളിൽ കൂടി തടസ്സം കൂടാതെ ഒഴുകുന്നതിനാണ് ഇതു നിർമിച്ചത്. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പരിശോധന നടത്തി തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഈ ഭാഗത്ത് റോഡിന്റെ ഉപരിതലത്തിൽ ഉണ്ടായിരുന്ന കുഴികൾ അടച്ചതിനു ശേഷം ബിഎം ബിസി ഉപരിതലം നിർമിക്കുക മാത്രമാണ് ചെയ്തത്.