ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചകളിലൊന്നിനെ നേരിടുന്ന രൂപയുടെ വീഴ്ച രാജ്യത്ത് എണ്ണയുടെയും മറ്റു സാധനങ്ങളുടെയും വില അപകടകരമാംവിധം വർധിപ്പിക്കും. പണപ്പെരുപ്പംമൂലം നിലവിൽ വിലക്കയറ്റം ഉയർന്ന നിലയിൽ തുടരുന്നതിനിടെയാണ് രൂപയുടെ തകർച്ചയുംകൂടി ഇന്ത്യൻ വിപണിയിൽ ആശങ്ക പെരുപ്പിക്കുന്നത്.
യു.എസ് കേന്ദ്ര ബാങ്ക് പലിശനിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ്, ഡോളറുമായുള്ള വിനിമയത്തിൽ രൂപക്ക് 81.09 എന്ന വൻ തകർച്ച നേരിടേണ്ടിവന്നതെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്.
പരമാവധി ആറു ശതമാനമെന്ന റിസർവ് ബാങ്കിന്റെ പരിധിയും കടന്നാണ് രാജ്യത്ത് ഇപ്പോഴും പണപ്പെരുപ്പം തുടരുന്നത്. ഇതുണ്ടാക്കുന്ന ആഘാതം കുറക്കാൻ റിസർവ് ബാങ്ക് റിപോ നിരക്ക് 50 ബേസിസ് പോയന്റായി വർധിപ്പിച്ചേക്കുമെന്നാണ് സൂചന.
പെട്രോളിയം ഉൽപന്നങ്ങളുടെ ആവശ്യത്തിന്റെ 85 ശതമാനവും വാതക ആവശ്യത്തിന്റെ 50 ശതമാനവും ഇറക്കുമതിയിലൂടെ നിറവേറ്റുന്ന രാജ്യത്ത് രൂപയുടെ തകർച്ച എണ്ണവിലയിൽ വൻ കുതിപ്പാണുണ്ടാക്കുക.
അസംസ്കൃത എണ്ണ ഇറക്കുമതി വർധിച്ചതോടെ രാജ്യത്തിന്റെ വ്യാപാരക്കമ്മി ആഗസ്റ്റിൽ ഇരട്ടിയായി ഉയർന്നിരുന്നു. വിദേശനാണ്യ കരുതൽ ശേഖരത്തിലും കുറവ് തുടരുകയാണ്.