തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചെയ്യാനും വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തലസ്ഥാനത്ത് ഉത്സവാന്തരീക്ഷ പ്രതീതിയാണ്. തെയ്യം, കാവടി, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് തലസ്ഥാനനഗരി മോദിയെ വരവേറ്റത്.
കൊച്ചിയില്‍ നിന്നും രാവിലെ 10.20 നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ വെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. മന്ത്രി ആന്റണി രാജു, ശശി തരൂർ എംപി എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു. രാവിലെ 10 30 നാണ് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരതിന്റെ ഫ്‌ലാഗ് ഓഫ്.