ഇൻഡ്യ

പ്രിയങ്ക ഗാന്ധി ഇപ്പോള്‍ ഗാന്ധികുടുംബം അല്ല'; പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്ന് കോണ്‍ഗ്രസ് എംപി

ഗാന്ധി കുടുംബത്തിൽ നിന്ന് ആരും  കോൺഗ്രസ് അധ്യക്ഷനാകില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതായി അശോക് ഗെലോട്ടും വ്യക്തമാക്കിയിരുന്നു.

ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് കോണ്‍ഗ്രസ് എംപി. പ്രിയങ്ക ഗാന്ധി 'ഗാന്ധി കുടുംബത്തില്‍' പെടുന്നയാളല്ലെന്നും വാദ്ര  ഫാമിലിയിലെ മരുമോളാണ് അവരെന്നും. അതിനാല്‍ മത്സരിക്കാന്‍ അര്‍ഹയാണ് എന്നുമാണ് കോൺഗ്രസ് എം.പി അബ്ദുൽ ഖലീക് ട്വീറ്റ് ചെയ്തത്.

ഗാന്ധി കുടുംബത്തിൽനിന്ന് ആരും പ്രസിഡന്റാകാനില്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ  വ്യക്തമാക്കിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് അബ്ദുൽ ഖലീകിന്റെ ട്വീറ്റ്. വാദ്ര കുടുംബത്തിലെ മരുമകളായതിനാൽ പ്രിയങ്ക ഗാന്ധി കുടുംബത്തിൽ അംഗമല്ലെന്നും അവർക്ക് പ്രസിഡന്‍റാകാം എന്നാണ് ഖലീക് സൂചിപ്പിക്കുന്നത്. 

''രാഹുൽ ഗാന്ധി പ്രസിഡന്‍റാകാന്‍ തയ്യാറാകാത്ത സാഹചര്യത്തിൽ പ്രിയങ്കാ ഗാന്ധിയാണ് ഈ സ്ഥാനത്തേക്ക് അനുയോജ്യയായ സ്ഥാനാർഥി. വാദ്ര കുടുംബത്തിലെ മരുമകളായതിനാൽ ഭാരതീയ പാരമ്പര്യമനുസരിച്ച് പ്രിയങ്ക ഗാന്ധി ഇനിമുതല്‍ ഗാന്ധി കുടുംബത്തിൽ അംഗമല്ല, അവർക്ക് പ്രസിഡന്‍റാകാം' അബ്ദുൽ ഖലീകിന്‍റെ ട്വീറ്റ് പറയുന്നത്.

ഗാന്ധി കുടുംബത്തിൽ നിന്ന് ആരും  കോൺഗ്രസ് അധ്യക്ഷനാകില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതായി അശോക് ഗെലോട്ടും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ അസാമിലെ ബാരപേട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയുടെ ട്വീറ്റ്.

അതേ സമയം മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു. ഇദ്ദേഹം നാമനിർദ്ദേശ പത്രിക ഇന്ന് വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുമായി  ഇന്ന് ദിഗ് വിജയ് സിംഗ് ചർച്ച നടത്തും.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അധ്യക്ഷ സ്ഥാനാർത്ഥിയാക്കുന്നതിനായി കോണ്‍ഗ്രസില്‍ വീണ്ടും സമവായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഗെലോട്ട് ഇപ്പോഴും പരിഗണനയില്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.