മരണം

പ്രമുഖ പണ്ഡിതൻ യുസുഫ് അല്‍ഖറദാവി അന്തരിച്ചു

ദോഹ: ഇന്റര്‍നാഷണല്‍ യുനിയന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്‌സ് ചെയര്‍മാനും പ്രമുഖ പണ്ഡിതനുമായ യുസുഫ് അല്‍ഖറദാവി അന്തരിച്ചു. 96 വയസ്സായിരുന്നു. ഏറെ കാലമായി ചികിത്സയിലായിരുന്നു.

1926 സെപ്റ്റംബര്‍ ഒമ്പതിന് ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തിലാണ് യൂസുഫ് അബ്ദുല്ല അല്‍ ഖറദാവിയുടെ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടി ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി.
അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന അദ്ദേഹം  1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്."