ഇൻഡ്യ

ബാങ്കുകളുടെ പ്രവർത്തന സമയം മാറ്റാൻ നിർദേശം; തിങ്കൾ മുതൽ വെള്ളി വരെ ആയേക്കും

രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് ജീവനക്കാരുടെ യൂണിയനുകൾ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന് കത്തയച്ചു. ആഴ്ചയിൽ അഞ്ച് ദിവസം മാത്രം പ്രവർത്തന ദിനമാക്കുക എന്ന ആവശ്യം യൂണിയൻ മുന്നോട്ട് വെച്ചിട്ടുണ്ട്. നിലവിലുള്ള ജോലി സമയം അര മണിക്കൂർ വർദ്ധിപ്പിക്കാനും നിർദേശിച്ചു.
യൂണിയനുകളുടെ ആവശ്യം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അംഗീകരിക്കുകയാണെങ്കിൽ രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തന സമയം അടിമുടി മാറും. നിർദേശം അനുസരിച്ച്, പുതുക്കിയ പ്രവർത്തന സമയം രാവിലെ 9:15 മുതൽ 4:45 വരെയായിരിക്കും, പണമിടപാടുകളുടെ സമയം രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയും ഉച്ചയ്ക്ക് 2 മുതൽ 3:30 വരെയും ആയിരിക്കും. മറ്റ്‌ ഇടപാടുകൾ  3:30 മുതൽ 4:45 വരെയും പരിഷ്കരിക്കും.

ബാങ്കുകളുടെ പ്രവർത്തന സമയം അര മണിക്കൂർ വർദ്ധിപ്പിച്ച് പ്രവൃത്തി ദിവസങ്ങൾ അഞ്ച് ദിവസമാക്കി  ചുരുക്കണം എന്ന് ഞങ്ങൾ ഐ ബി എയോട് ആവശ്യപ്പെട്ടിരിക്കുന്നു. നിലവിൽ 2 ശനിയാഴ്‌ചകൾ അവധി ദിനമാണ്. തിങ്കൾ മുതൽ വെള്ളി വരെ ബാങ്കുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിക്കണമെന്നാണ് യൂണിയന്റെ ആവശ്യം. . ഐബിഎയും സർക്കാരും ആർബിഐയും ഇത് അംഗീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് എഐബിഇഎ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു.

 നിലവിൽ മാസത്തിലെ രണ്ടാം ശനിയും നാലാം ശനിയും ബാങ്ക് അവധിയാണ്. ഒപ്പം എല്ലാ ഞായറും. ബാങ്ക് ജീവനക്കാരുടെ അസോസിയേഷന്റെ നിർദേശം അംഗീകരിക്കുകയാണെങ്കിൽ ഇനി മുതൽ എല്ലാ ശനിയും ഞായറും ബാങ്ക് അവധി ആയിരിക്കും. കഴിഞ്ഞ വർഷം മുതൽ  ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ  ഈ രീതിയിലാണ് പ്രവർത്തിക്കുന്നത്.