കേരളം

പുല്ലുപാറ അപകടം: മന്ത്രി ഗണേഷ്‌കുമാർ അടിയന്തര സഹായം പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം

ഇടുക്കി: പുല്ലുപാറ കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ആർടിസിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് മന്ത്രി കെ.ബി ഗണേഷ്‌കുമാർ. 5 ലക്ഷം രൂപ വീതം നൽകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാചിലവ് കെഎസ്ആർടിസി വഹിക്കും. 

ഇന്ന് രാവിലെയാണ് ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. തഞ്ചാവൂരിലേക്ക് തീർഥാടനയാത്ര പോയ മാവേലിക്കര സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാല് പേർ മരിച്ചു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഗതാഗത മന്ത്രി ഗണേഷ് കുമാർ ഉത്തരവിട്ടു.  

ദേശീയപാത വഴി വാഹനത്തിൽ എത്തിയവരാണ് രക്ഷാ പ്രവർത്തനം തുടങ്ങിയത്. പുറകെ പൊലീസും ഫയർ ഫോഴ്‌സും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എത്തി. ബസിനുള്ളിൽ ഉണ്ടായിരുന്നവർ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മാവേലിക്കര സ്വദേശികളായ രമ മോഹൻ, അരുൺ ഹരി, സംഗീത് എന്നിവർ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബിന്ദു നാരായണൻ മരിച്ചത്. ബസിൽ ഉണ്ടായിരുന്ന 33 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പെരിക്കാത്ത രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഒരാളെ പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച ബിന്ദുവിന്റെ ഭർത്താവ് ഉണ്ണിത്താനാണ് പാല ആശുപത്രിയിൽ ഉള്ളത്. 30 പേർ മുണ്ടക്കയത്തെ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്.