ഇൻഡ്യ

മുതിർന്ന പൗരന്മാർക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തി രത്തൻ ടാറ്റ

ഡൽഹി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വ്യവസായികളിലും മനുഷ്യസ്‌നേഹികളിലും ഒരാളാണ് രത്തൻ ടാറ്റ. ഹൃദയവിശാലതയുള്ള മനുഷ്യനായാണ് രത്തൻ ടാറ്റ അറിയപ്പെടുന്നത് തന്നെ. അദ്ദേഹത്തിന്റെ അനുകമ്പയും വിനയവും ആളുകളെ ആകർഷിക്കുന്നതിൽ പരാജയപ്പെടുന്നില്ല എന്നതും വസ്തുത. സ്റ്റാർട്ട് അപ്പുകളോട് എന്നും അനുകൂല നിലപാടാണ് രത്തൻ ടാറ്റ സ്വീകരിച്ചിട്ടുള്ളത്.

ഇപ്പോൾ ഒറ്റപ്പെട്ടു പോവുന്ന മുതിർന്ന പൗരൻമാർക്ക് കൂട്ടായ്മയൊരുക്കുക എന്ന ലക്ഷ്യത്തോട് തുടങ്ങിയ സ്റ്റാർട്ടപ്പ് സംരംഭമായ ഗുഡ്‌ഫെല്ലോസിൽ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുകയാണ് രത്തൻ ടാറ്റ. നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ രത്തൻ ടാറ്റ പുറത്തുവിട്ടിട്ടില്ല. രത്തന്‍ ടാറ്റയുടെ ഓഫീസ് മാനേജരും ടാറ്റ ട്രസ്റ്റ്‌സിന്റെ ചെയര്‍മാനുമായ ശന്തനു നായിഡു ആണ് ഗുഡ്‌ഫെല്ലോസ് സ്ഥാപിച്ചത്.

കോർണർ യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം നേടിയ, 25 കാരനായ ശന്തനു നായിഡു, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടാറ്റയ്‌ക്കൊപ്പമുണ്ട്. ഇതിന് മുമ്പും രത്തൻ ടാറ്റയോടൊപ്പം ശാന്തനു വാർത്തകളിൽ നിറഞ്ഞു നിന്നിട്ടുണ്ട്. 

വിവിധ തലമുറകളില്‍പ്പെട്ടവരെ പരസ്പരം ബന്ധിപ്പിക്കുകയും ഇതുവഴി ഒറ്റപ്പെടലനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് പിന്തുണ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ സ്റ്റാർട്ടപ്പിലൂടെ ലക്ഷ്യമിടുന്നത്. പ്രായമാവരും യുവാക്കളും തമ്മിലുള്ള സൗഹൃദം പ്രോത്സാഹിപ്പിക്കാൻ ഇതിലൂടെ സാധ്യമാകുന്നുവെന്നും രത്തൻ ടാറ്റ പറയുന്നു. പ്രായമാകുമ്പോൾ ഒറ്റയ്ക്കാവുന്നതിന്റെ ബുദ്ധിമുട്ട് നിങ്ങൾക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല എന്നും രത്തൻ ടാറ്റ കൂട്ടിച്ചേർത്തു.

രത്തന്‍ ടാറ്റയുമായുള്ള ബന്ധമാണ് തന്നെ ഇത്തരമൊരു സംരംഭത്തിലേക്ക് തന്നെ നയിച്ചതെന്നാണ് ശന്തനു സ്റ്റാര്‍ട്ടപ്പിന്റെ ഉദ്ഘാടന വേളയില്‍ പറഞ്ഞു. ഏകദേശം അമ്പത് വയസ്സിലധികം പ്രായവ്യത്യാസമുണ്ട് ടാറ്റയുമായി. എന്നാൽ അദ്ദേഹവുമായി വലിയ ആത്മബന്ധമാണ് തനിയ്ക്കുള്ളതെന്നും പ്രായം ചെന്നവരില്‍ പുതിയ കാഴ്ചപ്പാടുകള്‍ ഉണ്ടാക്കാനും അവരുടെ ജീവിതത്തിന് പുതിയ തലങ്ങള്‍ നല്‍കാനും ഇത്തരം സംരംഭങ്ങളിലൂടെ സാധിക്കുമെന്നും ശന്തനു കൂട്ടിച്ചേർത്തു.