ഈരാറ്റുപേട്ട: പണി പൂർത്തിയാക്കി മാസങ്ങൾക്കകം കുണ്ടും കുഴിയുമായി മാറിയ നഗരസഭയിലെ 17-ാം ഡിവിഷനിലെ കൊട്ടുകാപ്പള്ളി റോഡ് സ്വന്തം ചെലവിൽ പുനർ നിർമിക്കണമെന്ന് കരാറുകാരന് നഗരസഭാ നിർദേശം. റോഡ് തകർന്നത് സംബന്ധിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് റോഡ് പുനർനിർമ്മിക്കാൻ നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയർ കരാറുകാരനായ പ്ലാത്തോട്ടത്തിൽ ജോമി മാത്യുവിന് നവംമ്പർ 27 ന് ഉത്തരവ് നൽകിയത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച അമ്പത് ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് ടാർ ചെയ്തത്.
പ്രദേശവാസികളുടെ ഏറെ കാലത്തെ മുറവിളിക്കൊടുവിലാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ടാറിംഗ് നടത്തി റോഡ് ഉദ്ഘാടനം ചെയ്തത്. റോഡിന്റെ തുടക്ക ഭാഗം ഏതാണ് മുഴുവനായി തകർന്നു കിടക്കുകയാണ്. മറ്റു ഭാഗങ്ങളിലും നിരവധി സ്ഥലങ്ങളിൽ ഇതിനകം കുഴികൾ രൂപപ്പെട്ടു കഴിഞ്ഞു. ടാറിംഗ് നടത്തി ഒരു മാസം തികയുന്നതിന് മുമ്പെ തന്നെ റോഡ് തകർന്നു തുടങ്ങിയതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
പ്രദേശത്തെ ഏറ്റവും പഴക്കം ചെന്നതും, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയെയും പൂഞ്ഞാർ ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുമായ നടയ്ക്കൽ - അയ്യപ്പൻ റോഡിന് ഒന്നരകിലോമീറ്ററോളം ദൈർഘ്യമുണ്ട്. എന്നാൽ അര കിലോമീറ്ററിന് മുകളിൽ വരുന്ന മുനിസിപ്പാലിറ്റിയിലെ 8, 17, 18, 19 വാർഡുകളിൽ കൂടി കടന്നുപോകുന്ന നടയ്ക്കൽ - കൊട്ടുകാപ്പള്ളിഭാഗം തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞതിനെ തുടർന്നാണ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ച് റീ ടാറിംഗ് പണികൾ നടത്തിയത്.
റോഡ് സുരക്ഷിതമാക്കുന്നതിനായി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ 14 ലക്ഷം രൂപ കൊണ്ട് ഓടകൾ നിർമ്മിക്കുകയും നാട്ടുകാരുടെ സഹായത്തോടെ റോഡിന് വീതി കൂട്ടുകയും ചെയ്തിരുന്നു.