കേരളം

ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

സംസ്ഥാനത്ത് അന്നദാനമായോ പ്രസാദമായോ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്ക്  ലൈസന്‍സോ രജിസ്‌ട്രേഷനോ വേണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഫുഡ് സേഫ്റ്റി കേരള എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഉത്സവകാലം ആരംഭിക്കാനിരിക്കെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിർദ്ദേശവുമായി വകുപ്പ് രംഗത്തെത്തിയത്.
കേരളത്തില്‍ നിത്യപൂജയുള്ള ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഒന്നിലധികം ഭക്ഷണ സാധനങ്ങള്‍ പ്രസാദമായി നല്‍കാറുണ്ട്.  അമ്പലപ്പുഴ പാല്‍പ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അരവണ, അപ്പം എന്നിവ ഭക്തര്‍ക്ക് പ്രിയപ്പെട്ട പ്രസാദങ്ങളാണ്. വൈക്കം മഹാദേവക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുര എന്നിവിടങ്ങിലെ അന്നദാനവും ഏറെ പ്രശസ്തമാണ്. കൂടാതെ ദേവാലയങ്ങളില്‍  നേര്‍ച്ചയൂട്ട്, പെരുന്നാള്‍ ചോറ് എന്നിവയും വിതരണം ചെയ്യാറുണ്ട്.

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ പരിശോധന ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട് .