പ്രവാസം

റമദാന് മുന്നോടിയായി മക്കയില്‍ കഅ്ബയെ അണിയിച്ച കിസവയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി

കഅ്ബയുടെ കിസ്‍വ ദിവസേന പരിശോധിക്കുകയും കാലാനുസൃതമായ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്നതായി കിങ് അബ്ദുൽ അസീസ് കിസ്‍വ സമുച്ചയം അണ്ടർ സെക്രട്ടറി എൻജി. അംജദ് അൽഹാസിമി പറഞ്ഞു.

റിയാദ്: മക്കയില്‍ കഅ്ബയെ അണിയിച്ച പുടവ (കിസ്‍വ)യുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. റമദാന് മുന്നോടിയായാണ് ഇത്. കിങ് അബ്ദുൽ അസീസ് കിസ്‍വ സമുച്ചയത്തിൽനിന്നുള്ള ജോലിക്കാരാണ് കിസ്‍വയുടെ കോടുപാടുകൾ തീർത്ത് അതിന്റെ ഭംഗിയും രൂപവും ഏറ്റവും മികച്ച രൂപത്തിൽ സംരക്ഷിക്കുന്നതിനുള്ള ജോലികൾ പുർത്തിയാക്കിയത്. 

കഅ്ബയുടെ കിസ്‍വ ദിവസേന പരിശോധിക്കുകയും കാലാനുസൃതമായ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്നതായി കിങ് അബ്ദുൽ അസീസ് കിസ്‍വ സമുച്ചയം അണ്ടർ സെക്രട്ടറി എൻജി. അംജദ് അൽഹാസിമി പറഞ്ഞു. ജീവനക്കാരുടെ സംഘം കിസ്‍വയുടെ എല്ലാ ഭാഗങ്ങളും അത് ഉറപ്പിക്കുന്ന വളയങ്ങളും പരിശോധിക്കുന്നു. കേടുപാടുകൾ കാണുമ്പോൾ അത് ഉടനടി ശരിയാക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും അൽഹാസിമി പറഞ്ഞു. 

റമദാനിനോടനുബന്ധിച്ച് കിസ്‍വയുടെ അറ്റകുറ്റപണികൾ നിർവഹിക്കാനും മുൻഗണന നൽകാനും സ്‍പെഷ്യലിസ്റ്റുകളുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘത്തെ ഒരുക്കിയിട്ടുണ്ട്. റെക്കോർഡ് സമയത്തിനുള്ളിൽ കൃത്യതയുയോടെയും ഗുണനിലവാരം ഉറപ്പുവരുത്തിക്കൊണ്ടുമാണ് സംഘത്തിന്റെ പ്രവർത്തനം ഇതിനായി  അത്യാധുനിക സാങ്കേതിക വിദ്യകളും അന്തർദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നതെന്നും അൽഹാസിമി പറഞ്ഞു.