ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് അധികാരമേറ്റു.ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് നാലു മണിക്ക് ശേഷമായിരുന്നു ചടങ്ങ്.
ബക്കിങ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് ബ്രിട്ടന്‍റെ 57-ാം പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റത്.
രാജ്യത്തെ ഒറ്റക്കെട്ടായി നയിക്കുമെന്ന് ഋഷി സുനക്ക് ചുമതലയേറ്റ ശേഷം ബ്രിട്ടനെ അഭിസംബോധന ചെയ്യവേ പറഞ്ഞു.ജനങ്ങളോട് വിശ്വാസ്യത പുലര്‍ത്തും.രാജ്യത്ത് സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുമെന്നും നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നും ഋഷി പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ബ്രിട്ടനെ രക്ഷിക്കാൻ ഋഷി സുനക് എന്തു പദ്ധതികൾ മുന്നോട്ടുവെയ്ക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്നലെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം പാർട്ടി നേതാക്കളെ അഭിസംബോധന ചെയ്ത ഋഷി സുനക്, സാമ്പത്തിക പ്രതിസന്ധി നേരിടാൻ വേണ്ടത് സ്ഥിരതയും ഐക്യവുമാണെന്ന് പറഞ്ഞു.
സാമ്പത്തിക വിദഗ്ധന്‍ കൂടിയാണ് ഋഷി സുനക്. 42 വയസ്സാണ് പ്രായം. ബ്രിട്ടനിൽ 200 വര്‍ഷത്തിനിടെ സ്ഥാനമേറ്റ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ് ഋഷി സുനക്