പത്തനംതിട്ട: കോന്നിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികള്‍ അടക്കം നാല് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ കോന്നി മല്ലശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. കോന്നി മുറിഞ്ഞകല്‍ പ്രദേശത്ത് പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം. അടുത്തിടെ വിവാഹിതരായ നിഖിലും അനുവും മലേഷ്യയില്‍ ടൂര്‍ പോയിരുന്നു. തിരികെയെത്തിയ ഇവരെ സ്വീകരിക്കാനാണ് നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അനുവിന്റെ പിതാവ് ബിജുവും പോയത്. തുടര്‍ന്ന് നാലുപേരും കൂടി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. പൊളിഞ്ഞ കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ ഇവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ അനു ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അപകടത്തില്‍ ബസിലുള്ളവര്‍ക്ക് നേരിയ പരിക്കേറ്റു. ഇരുവരുടെയും വിവാഹത്തില്‍ താന്‍ പങ്കെടുത്തിരുന്നതായും അപകടം വേദനാജനകമാണെന്നും കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മൃതദേഹങ്ങള്‍ കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ആശുപത്രിയിലുമാണ് ഉള്ളത്. മരിച്ച നിഖില്‍ കാനഡയിലാണ് ജോലി ചെയ്തിരുന്നത്.