ഇഷ്ടഭക്ഷണം ഓൺലൈൻ വഴി ഓർഡർ ചെയ്താൽ വീട്ടു മുറ്റത്ത് ഭക്ഷണവുമായി ഇനി റോബോട്ടുകൾ എത്തും. ദുബൈ സിലിക്കോൺ ഒയാസിസിലാണ് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്. ദുബൈ ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി , തലബാത്ത് യുഎഇ എന്നിവയുമായി സഹകരിച്ചാണ് ഫുഡ് ഡെലിവറി റോബോട്ടുകൾ ഒരുക്കിയത്.
സിലിക്കോൺ ഒയാസിസിലെ സെദാർ വില്ലാസിലാണ് പരീക്ഷണ ഘട്ടമായി ഈ പദ്ധതി നടപ്പാക്കുന്നത്. ഭക്ഷണത്തിനായി ഓർഡർ ലഭിച്ചാലുടൻ സെദാർ ഷോപ്പിംഗ് സെന്ററിലെ ലോഞ്ച് പോയിന്റിൽ നിന്ന്
ഭക്ഷണവുമായി റോബോട്ടുകൾ യാത്ര തിരിക്കും. തലബോട്ട്സ് എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടുകൾ മൂന്നു കിലോമീറ്റർ ചുറ്റളവിലാണ് സേവനം നടത്തുക . പതിനഞ്ചു മിനിട്ടിനകം ഭക്ഷണം അതാത് ഇടത്തെത്തിക്കും. ട്രാഫിക്കോ മറ്റു തടസങ്ങളോ ഇത്തരം റോബോട്ടുകൾക്കില്ല
ലോകത്തെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്നതിലൂടെ ദുബൈ നഗരത്തിലെ താമസക്കാർക്ക് ഉയർന്ന ജീവിത നിലവാരം നൽകുന്നത് കൂടിയാണ് ലക്ഷ്യമിടുന്നത്. ഫുഡ് ഡെലിവറി രംഗത്ത് കൂടുതൽ കൃത്യതയും സുരക്ഷിതത്വവും നൽകുന്നതാണ് ഈ പദ്ധതിയെന്നു ദുബൈ സിലിക്കോൺ ഒയാസിസ് ഡയറക്ടർ ജനറൽ ഡോക്ടർ ജുമാ അൽ മത്രൂഷിയും ആർ ടി എ പബ്ലിക് ട്രാൻസ്‌പോർട് ഏജൻസി സി ഇ ഓ അഹമ്മദ് ബഹ്‌റോസിയാനും പറഞ്ഞു. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന താളബോട്ട്സ് റോബോട്ടുകൾ വ്യക്തികളുടെ സ്വകാര്യതയും ഉറപ്പാക്കുന്നു.
വൈകാതെ ദുബൈയിലെ മറ്റ് സ്ഥലങ്ങളിലേക്കും ഇത്തരം റോബോട്ടുകൾ എത്തും. ഡ്രൈവറില്ലാ വാഹനങ്ങളും സെല്ഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ടും പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടേറെ പദ്ധതികളാണ് ദുബൈ ആർ ടി എ ആവിഷ്കരിച്ചു വരുന്നത്.