പ്രവാസം

സൗദിയില്‍ 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിഗരറ്റ് വില്‍ക്കുന്നതിന് വിലക്ക്

 

റിയാദ്: സൗദി അറേബ്യയില്‍ 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും വിലക്കി ശൂറാ കൗണ്‍സില്‍ ഭേദഗതി. 21 വയസ്സില്‍ കുറവ് പ്രായമുള്ളവര്‍ക്ക് സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നത് വിലക്കുന്ന രീതിയില്‍ പുകവലി വിരുദ്ധ നിയമത്തിലെ എട്ടാം വകുപ്പില്‍ ശൂറാ കൗണ്‍സില്‍ ഭേദഗതി വരുത്തി. നിലവില്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് സിഗരറ്റ് വില്‍പ്പനയ്ക്ക് വിലക്കുള്ളത്. 

സ്‌കൂളുകളും ബാങ്കുകളും ഹോട്ടലുകളും ഉള്‍പ്പെടെ ചുറ്റുവട്ടത്ത് പുകവലിക്കുന്നത് നിയമത്തിലെ ഏഴാം വകുപ്പ് കര്‍ശനമായി വിലക്കുന്നു. ബന്ധപ്പെട്ട നിയമാവലി നിര്‍ണയിക്കുന്നത് അനുസരിച്ചുള്ള എണ്ണവും അളവും അടങ്ങിയ അടച്ച പാക്കറ്റുകളില്‍ മാത്രമേ സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും വില്‍ക്കാന്‍ പാടുള്ളൂ എന്ന് പുകയില വിരുദ്ധ നിയമത്തിലെ എട്ടാം വകുപ്പ് അനുശാസിക്കുന്നു. 

മസ്ജിദുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ, ആരോഗ്യ, സ്‌പോര്‍ട്‌സ്, സാംസ്‌കാരിക, സാമൂഹിക സ്ഥാപനങ്ങള്‍ക്കും ചുറ്റുമുള്ള സ്ഥലങ്ങളിലും പുകവലിക്കുന്നതിന് വിലക്കുണ്ട്. പുതിയ നിയമം അനുസരിച്ച് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഫാക്ടറികളിലെയും ബാങ്കുകളിലെയും ജോലി സ്ഥലങ്ങള്‍, പൊതുഗതാഗതം, ഭക്ഷണ, പാനീയങ്ങള്‍ തയ്യാറാക്കുന്ന സ്ഥലങ്ങള്‍, പെട്രോളും പെട്രോളിയം ഉല്‍പ്പന്നങ്ങളും തയ്യാറാക്കുകയും അവ പാക്ക് ചെയ്യുകയും നീക്കം ചെയ്യുകയും വിതരണം ചെയ്യുകയും സംസ്‌കരിക്കുകയും ചെയ്യുന്ന സ്ഥലങ്ങള്‍, പെട്രോള്‍ ബങ്കുകള്‍, ഗ്യാസ് വിതരണ കേന്ദ്രങ്ങള്‍, ലിഫ്റ്റുകള്‍, ടോയ്‌ലറ്റുകള്‍, വെയര്‍ ഹൗസുകള്‍ എന്നിവിടങ്ങളിലും പുകവലിയ്ക്ക് വിലക്കുണ്ട്.