പ്രവാസം

ദുബൈയിലെ സാലിക് ഓഹരികള്‍ക്ക് മികച്ച പ്രതികരണം; വാങ്ങാനെത്തെത്തിയത് 49 ഇരട്ടി ആളുകള്‍

ഓഹരി വിപണിയിൽ ചരിത്രം തിരുത്തുന്ന പ്രതികരണമാണ് സാലിക്കിന്റെ ഐപിഒയ്ക്ക് ലഭിച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ 43 ഇരട്ടി നിക്ഷേപമാണ് ഓഹരി വിൽപനയിലൂടെ സാലിക്കിന് ലഭിച്ചത്.

ദുബൈ: ദുബൈയിലെ ടോൾ ഗേറ്റ് പ്രവർത്തന സംവിധാനമായ സാലികിന്റെ ഓഹരികൾക്ക് വിപണിയിൽ മികച്ച പ്രതികരണം. നിലവിൽ ലഭ്യമായ ഓഹരികളുടെ 49 ഇരട്ടി ആളുകളാണ് ഓഹരികൾ വാങ്ങാനായി രംഗത്തുള്ളത്. ഓഹരി വിൽപനയിലൂടെ നൂറു കോടി ഡോളറിന്റെ നിക്ഷേപമാണ് സാലിക്കിന് ലഭിച്ചത്.

ഓഹരി വിപണിയിൽ ചരിത്രം തിരുത്തുന്ന പ്രതികരണമാണ് സാലിക്കിന്റെ ഐപിഒയ്ക്ക് ലഭിച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ 43 ഇരട്ടി നിക്ഷേപമാണ് ഓഹരി വിൽപനയിലൂടെ സാലിക്കിന് ലഭിച്ചത്. വിപണിയിലെ ചില്ലറ വ്യാപാരത്തിലൂടെ പ്രാദേശിക നിക്ഷേപകരുടെ എണ്ണം 119 മടങ്ങ് വർധിച്ച് 34.7 ബില്യൻ ദിർഹത്തിനു മുകളിലെത്തിയതായും അധികൃതര്‍ അറിയിച്ചു. സെപ്റ്റംബർ 26 തിങ്കളാഴ്ച ഐപിഒ വഴി ഓഹരികൾ സ്വന്തമാക്കിയ നിക്ഷേപകരെ അവരുടെ ഓഹരി വിഭജനം സംബന്ധിച്ച വിവരങ്ങൾ എസ്എംഎസിലൂടെ അറിയിക്കും. 

സാലിക്കിന്റെ 24.9 ശതമാനം ഓഹരികളാണ് ഐപിഒ വഴി വിറ്റഴിച്ചത്. സാലിക്കിന്റെ 75.1 ശതമാനം ഓഹരികൾ ദുബായ് സര്‍ക്കാരിന്റെ കൈവശമാണ്. യുഎഇ.സ്ട്രാറ്റജിക്  ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ദുബായ് ഹോൾഡിങ്, ഷമൽ ഹോൾഡിങ്, അബുദാബി പെൻഷൻ ഫണ്ട് എന്നിവ സംയുക്തമായി 16.2 ശതമാനം ഓഹരികൾ കരസ്ഥമാക്കി. 

4.1 ബില്യൻ ഡോളറിന്റെ വിപണി മൂലധനത്തോടെ സെപ്റ്റംബര്‍ 29ന് ദുബായ് ഫിനാൻഷ്യൽ മാര്‍ക്കറ്റിൽ സാലിക്ക് ലിസ്റ്റ് ചെയ്യും. 2007ലാണ് ദുബൈയിൽ സാലിക് നിലവിൽ വന്നത്. നിലവിൽ എട്ട് ടോൾ ഗേറ്റുകളാണ് കമ്പനിക്ക് കീഴിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം 169 കോടി ദിർഹം വരുമാനമാണ് സാലികിലൂടെ സർക്കാറിന് ലഭിച്ചത്