ജനറൽ

Screen Time : ഫോണില്‍ നോക്കിയിരിക്കുന്ന സമയം കുറയ്ക്കാനിതാ ചില മാര്‍ഗങ്ങള്‍...

കണ്ണുകള്‍ക്ക് പുറമെ നടു, കഴുത്ത്, തോള്‍ഭാഗം, കൈകള്‍, വിരലുകള്‍ എന്നിങ്ങനെ ശരീരത്തിന്‍റെ പല ഭാഗങ്ങളെയും ഇത്തരത്തില്‍ ദീര്‍ഘനേരം ഫോണില്‍ ചെലവിടുന്നത് മോശമായി ബാധിക്കാം. കൂട്ടത്തില്‍ ഉദരസംബന്ധമായ പ്രശ്നങ്ങളും കൂടുന്നു. 

മൊബൈല്‍ ഫോണില്‍ മണിക്കൂറുകളോളം നോക്കിയിരിക്കുന്നത് ഇന്ന് മിക്കവരുടെയും ശീലമാണ്. പ്രായഭേദമെന്യേ ആളുകള്‍ ഫോണിനോട് അടിപ്പെടുന്ന കാഴ്ചയാണ് എങ്ങും കാണുന്നത്. വലിയൊരു വിഭാഗം പേര്‍ ജോലിയുടെ ഭാഗമായി തന്നെ ദിവസത്തില്‍ ദീര്‍ഘനേരം കംപ്യൂട്ടറിലോ ലാപ്ടോപിലോ നോക്കിയിരിക്കുന്നുണ്ട്. ഇത് കൂടാതെയാണ് മൊബൈല്‍ സ്ക്രീനിലും മണിക്കൂറുകള്‍ നോക്കിയിരിക്കുന്നത്.

ഇത് കണ്ണുകളെ മാത്രമാണ് പ്രതികൂലമായി ബാധിക്കുകയെന്ന് ചിന്തിച്ചെങ്കില്‍ അതും തെറ്റി. കണ്ണുകള്‍ക്ക് പുറമെ നടു, കഴുത്ത്, തോള്‍ഭാഗം, കൈകള്‍, വിരലുകള്‍ എന്നിങ്ങനെ ശരീരത്തിന്‍റെ പല ഭാഗങ്ങളെയും ഇത്തരത്തില്‍ ദീര്‍ഘനേരം ഫോണില്‍ ചെലവിടുന്നത് മോശമായി ബാധിക്കാം. കൂട്ടത്തില്‍ ഉദരസംബന്ധമായ പ്രശ്നങ്ങളും കൂടുന്നു. 

പലരും തങ്ങള്‍ക്ക് ഫോണിനോടുള്ള അഡിക്ഷൻ തിരിച്ചറിയുന്നുണ്ട്. എന്നാലിത് എങ്ങനെയാണ് മാറ്റേണ്ടത് എന്നറിയില്ല. പരിശ്രമിക്കാതെ ഈ ശീലത്തില്‍ നിന്ന് എളുപ്പത്തില്‍ പുറത്തുകടക്കുക സാധ്യമല്ല. ആദ്യം ഇതിനുള്ള മനസാണ് വേണ്ടത്. അതുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പരിശീലിക്കാവുന്ന ചില മാര്‍ഗങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

സമയം ക്രമീകരിക്കാം...

വ്യക്തപരമായ സമയങ്ങളില്‍ പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ലാതെ ഫോണില്‍ ദീര്‍ഘസമയം ചെലവഴിക്കുന്നുണ്ടെങ്കില്‍ അത് കുറയ്ക്കാനായി ഫോണില്‍ തന്നെ സമയം സെറ്റ് ചെയ്യാം. ഉദാഹരണത്തിന്  ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്പുകള്‍ക്ക് സമയപരിധി വയ്ക്കാം. ഇത് ഫോണില്‍ തന്നെ ചെയ്യാവുന്നതാണ്. ഈ പരിധി കഴിയുമ്പോള്‍ ഫോണ്‍ മാറ്റിവച്ച് ശീലിക്കണം. ഇത്തരത്തില്‍ പതിയെ സമയം കുറച്ചുകൊണ്ടുവരാൻ സാധിക്കും. 

കിടപ്പുമുറിയും ഫോണും...

കിടക്കയില്‍ കിടന്നുകൊണ്ട് ദീര്‍ഘനേരം ഫോണില്‍ ചെലവിടാൻ താല്‍പര്യമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഈ ശീലം തീര്‍ത്തും ഉപേക്ഷിക്കണം. പ്രത്യേകിച്ച് രാത്രിയില്‍ കിടപ്പുമുറിയില്‍ അനാവശ്യമായ ഫോണ്‍ ഉപയോഗം വേണ്ടെന്ന് വയ്ക്കണം. പതിവായി ഇത് ചെയ്തുകഴിഞ്ഞാല്‍ പിന്നെ കിടപ്പുമുറിയിലെ ഫോണുപയോഗം നിങ്ങള്‍ക്ക് തന്നെ സ്വയം അനാരോഗ്യകരമായി അനുഭവപ്പെടാം. 

മാറ്റിവയ്ക്കാം...

പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ലെങ്കില്‍- ഉദാഹരണത്തിന് അവധി ദിവസങ്ങളിലെല്ലാം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മണിക്കൂറുകള്‍ മാറ്റിവയ്ക്കാം. അല്ലെങ്കില്‍ സൈലന്‍റ് മോഡിലിട്ട് അടുത്ത് നിന്ന് മാറ്റിവയ്ക്കാം. ഫോണ്‍ അടുത്തില്ലെങ്കില്‍ അപ്പോള്‍ തന്നെ 'ടെൻഷൻ' അടിക്കുന്ന- ഫോണ്‍ തെരഞ്ഞ് ഓടുന്ന ശീലമുള്ളവരാണെങ്കില്‍ ഈ ശീലത്തില്‍ നിന്ന് പുറത്തുകടക്കാൻ നല്ലൊരു മാര്‍ഗമാണിത്. 

ഭക്ഷണം കഴിക്കുമ്പോള്‍ ഫോണ്‍ വേണ്ട...

വലിയൊരു വിഭാഗം ആളുകള്‍ക്കും ഭക്ഷണം കഴിക്കുമ്പോള്‍ കൂടെ ഫോണ്‍ വേണം. എന്തെങ്കിലും വീഡിയോകളോ ആപ്പുകളോ നോക്കിയിരുന്നാണ് ഭക്ഷണം കഴിക്കുക തന്നെ. ഈ ശീലം പാടെ ഉപേക്ഷിക്കണം. ഏതാനും ദിവസങ്ങള്‍ മാത്രമേ ഇതിന്‍റെ ബുദ്ധിമുട്ട് അനുഭവപ്പെടൂ. അത് കടന്നാല്‍ പിന്നെ പുതിയ ശീലത്തിലേക്ക് മാറും. 

അലാമും ടൈമറും...

ഫോണില്‍ ഫോണ്‍ ഉപയോഗത്തെ കുറിച്ച് തന്നെ ഓര്‍മ്മിപ്പിക്കാൻ അലാമോ ടൈമറോ എല്ലാം സെറ്റ് ചെയ്ത് വയ്ക്കാം. ഇതിന് അനുസരിച്ച് ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തുകയും വേണം. 

മറ്റ് കാര്യങ്ങള്‍...

ആവശ്യമില്ലാത്ത സമയത്ത് ഫോണ്‍ മാറ്റിവച്ച് മറ്റ് കാര്യങ്ങളില്‍ കൂടി സജീവമാകാം. ഗാര്‍ഡനിംഗ്, പാട്ട്, വായന, നടത്തം എന്ന് തുടങ്ങി ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷവും ഉന്മേഷവും പകരുന്ന കാര്യങ്ങളില്‍ പങ്കാളിയാകാം. സ്ക്രീൻ സമയവും കുറയും ഒപ്പം ആരോഗ്യവും മെച്ചപ്പെടുത്താം.