ജനറൽ

സിനിമ-സീരിയൽ നടൻ കാര്യവട്ടം ശശികുമാർ വിടവാങ്ങി

കൊച്ചി: സിനിമാ സീരിയൽ നടനും പ്രോഗ്രാം കോർഡിനേറ്ററുമായിരുന്ന കാര്യവട്ടം ശശികുമാർ അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സിനിമയ്ക്കകത്തും പുറത്തും നിരവധി പേരാണ് താരത്തിന് അനുശോചനം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

മലയാള സിനിമയിൽ നിരവധി നല്ല സിനിമകൾ നിർമ്മിക്കുകയും നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്ത ഒരു ഇന്ത്യൻ ചലച്ചിത്ര നടനാണ് കാര്യവട്ടം ശശികുമാർ. ക്രൈം ബ്രാഞ്ച്, ക്രൂരന്‍, ജഡ്ജ്മെന്‍റ്, മിമിക്സ് പരേഡ്, അഭയം, ദേവാസുരം, ചെങ്കോല്‍, ആദ്യത്തെ കൺമണി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 

“പ്രണാമം.. സിനിമാ സീരിയൽ നടനും പ്രോഗ്രാം കോർഡിനേറ്ററും കൂടിയായ കാര്യവട്ടം ശശി ചേട്ടൻ അന്തരിച്ചു. പെട്ടെന്നുള്ള അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയ മനുഷ്യൻ.. ഞാൻ എന്ത് ചെയ്യുമ്പോളും എന്നെ അഭിനന്ദിക്കുന്ന ആൾ. ആരുടെയും സഹായത്തിനായി കാത്തിരിക്കാതെ പലർക്കും ഉപകാരിയായിരുന്ന ചേട്ടൻ യാത്രയായി.. എന്ത് പറയാൻ ..ഒന്നുമില്ലപറയാൻ”, – നടി സീമ ജി നായർ എഴുതി.