ജനറൽ

ആഗോള ബാലപ്രതിഭ പുരസ്‌കാര പട്ടികയില്‍ ഇടം നേടി കുഞ്ഞു ഷെഫ് കിച്ച

ന്യൂഡൽഹി: ആഗോള ബാലപ്രതിഭ പുരസ്‌കാര പട്ടികയില്‍ ഇടം നേടി കേരളത്തില്‍ നിന്നുള്ള കുഞ്ഞു ഷെഫ് കിച്ച എന്നറിയപ്പെടുന്ന നിഹാല്‍ രാജ്. എറണാകുളത്തുനിന്നുമുള്ള ഈ ഏഴുവയസുകാരന് കിച്ച ട്യൂബ് എന്ന പേരില്‍ കുക്കറി യുട്യൂബ് ചാനല്‍, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പേജ് എന്നിവയുണ്ട്. ഇന്റര്‍നാഷണല്‍ സെലക്ഷൻ കമ്മിറ്റിയാണ് കിച്ചയെ പ്രോഡിജി പുരസ്‌കാര മത്സരത്തില്‍ തിരഞ്ഞെടുത്തത്. ന്യൂഡല്‍ഹിയില്‍ ഇന്നാണ് മത്സരം.
കൊച്ചി ചോയ്‌സ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ കിച്ച മൂന്നര വയസുള്ളപ്പോഴാണ് യൂട്യൂബില്‍ തരംഗമായത്. മാംഗോ ഐസ്‌ക്രീമിന്റെ റസിപ്പി അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നാലെ 140 ഓളം റെസിപ്പികളുമായി കിച്ചയുടെ യൂട്യൂബ് ഇടം നേടി. ലോകമെമ്പാടും ആരാധകരുള്ള ഈ ലിറ്റില്‍ ഷെഫ് പങ്കെടുത്ത അന്താരാഷ്ട്ര പരിപാടികളില്‍ അമേരിക്കയിലെ എലെന്‍-ഡി-ജെനെറസ് ഷോ, ലിറ്റില്‍ ബിഗ് ഷോട്ട്‌സ് യു.കെ, ലിറ്റില്‍ ബിഗ് ഷോട്ട്‌സ് യു.എസ്.എ, ലിറ്റില്‍ ബിഗ് ഷോട്ട്‌സ് വിയറ്റ്‌നാം എന്നിവയിലും സാന്നിധ്യമറിയിച്ചു.

ലിറ്റില്‍ ബിഗ് ഷോട്ട്‌സിലും എലന്‍ ഡിജെനെറസ് ഷോയിലും പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനും, മലയാളിയും എന്ന പ്രത്യേകതയും എട്ടു വയസുകാരനായ കിച്ചയ്ക്കുണ്ട്. നിരവധി പ്രമുഖ ബ്രാന്റുകളുടെ ബ്രാന്റ് അംബാസിഡറുമാണ് കിച്ച. സെന്‍ട്രല്‍ അഡ്വര്‍ടൈസിംഗിലെ വികെ രാജഗോപാലനും, റൂബിയുമാണ് കിച്ചയുടെ മാതാപിതാക്കല്‍. അമേരിക്കയിലുള്ള സഹോദരി നിധയാണ് കിച്ചയുടെ മാനേജര്‍.