ഈരാറ്റുപേട്ട: സ്ത്രീകളോട് വ്യക്തിപരമായും, സാമൂഹ്യ മായും നിർവ്വഹിക്കേണ്ട ബാദ്ധ്യതകൾ പൊതു സമൂഹം വിസ്മരിക്കുകയാണെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച കോട്ടയം ജില്ലാ ഫാമിലി കോൺഫറൻസ് അഭിപ്രായപ്പെട്ടു.സ്ത്രീകളെ കേവലം സൗന്ദര്യ ആസ്വാദനത്തിനും, മാർക്കറ്റിംങ്ങിനും വേണ്ടി ഉപയോഗിക്കുന്ന സമൂഹത്തിൻ്റെ പുരോഗമന കാഴ്ചപ്പാടിൻ്റെ ദുരന്തഫലമാണ് സ്ത്രീകൾക്കും, കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്ക് വഴിവെച്ചതെന്ന് ഫാമിലി കോൺഫറൻസ് കുറ്റപ്പെടുത്തി.
സ്ത്രീ സമൂഹത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ബാദ്ധ്യതപ്പെട്ടവർ തന്നെ അവരെ ലൈംഗികമായും, സാമ്പത്തികമായും ചൂഷണം ചെയ്യുന്ന സാഹചര്യമാണ് പൊതു ഇടങ്ങളിൽ കാണാൻ സാധിക്കുന്നത്. ഇത്തരം ചൂഷണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും, നിയമ പരിരക്ഷ ഉറപ്പാക്കുവാനും സർക്കാർ കർശന സമീപനം സ്വീകരിക്കണം.സ്വാതന്ത്ര്യവും, അവകാശങ്ങളും മറയാക്കി സ്ത്രീ സമൂഹത്തെ ചൂഷണം ചെയ്യാനായി മാത്രം നിലകൊള്ളുന്ന ഗ്രൂപ്പുകളിലേക്ക് എത്തിച്ച് കൊടുക്കുന്ന സംഘങ്ങൾക്കെതിരെ പൊതു സമൂഹം കനത്ത ജാഗ്രത പാലിക്കണമെന്നും ഫാമിലി കോൺഫറൻസ് ആവശ്യപ്പെട്ടുസ്ത്രീ സമൂഹത്തോട് ആദരവും, സുരക്ഷിതത്വവും നൽകാനാണ് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്ന സന്ദേശം.വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിലാണ് ഫാമിലി കോൺഫറൻസ് സംഘടിപ്പിച്ചത്.ഏകദൈവ വിശ്വാസമാണ് ഇസ്ലാമിൻ്റെ മൗലികത എന്നിരിക്കെ ബഹുദൈവാരാധനക്ക് തുല്യമായ വിശ്വാസ ചിന്തകൾ പ്രചരിപ്പിക്കുന്ന പുരോഹിതന്മാരുടെ നീക്കം അപലപനീയമാണ്.
ഈരാറ്റുപേട്ട അൽമനാർ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച കോൺഫറൻസ് വിസ്‌ഡം പണ്ഡിത സഭയായ ലജ്നത്തുൽ ബുഹുസുൽ ഇസ്ലാമിയ്യ സംസ്ഥാന സെക്രട്ടറി ഷമീർ മദീനി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സക്കീർ ഹുസൈൻ മൗലവി അധ്യക്ഷനായി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യാതിഥിയായി. വിവിധ വിഷയങ്ങളിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, വിസ്ഡം സ്റ്റുഡന്റസ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹികമി, മുജാഹിദ് ബാലുശ്ശേരി അനസ് സ്വലാഹി എന്നിവർ പ്രഭാഷണം നടത്തി.വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡൻ്റ് നൗഷാദ് കെ.എം, അൽ മനാർ ട്രസ്റ്റ് സെക്രട്ടറി സക്കീർ കറുകാഞ്ചേരിൽ എന്നിവർ സംസാരിച്ചു. ഫിറോസ് സ്വലാഹി സ്വാഗതവും സഈദ് അൽഹികമി നന്ദിയും പറഞ്ഞു.