മുംബൈ: ബിസിസിഐ അധ്യക്ഷ സ്ഥാനം സൗരവ് ഗാംഗുലി ഒഴിയാനിരിക്കെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി രാഷ്ട്രീയ തർക്കം രൂക്ഷമാകുന്നു. മുൻ ഇന്ത്യൻ നായകനെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിനാൽ ബിജെപിയെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ പ്രധാന ആരോപണം.
മുൻ ക്രിക്കറ്റ് താരം റോജർ ബിന്നിയാണ് പുതിയ പ്രസിഡന്റാകുക. നിലവിൽ കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാണ് ബിന്നി. 1983ൽ ഇന്ത്യ ആദ്യമായ ലോകകപ്പ് നേടിയപ്പോൾ കൂടുതൽ വിക്കറ്റുമായി ബിന്നിയുടെ സംഭാവനകൾ നിർണായകമായിരുന്നു.
കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗാംഗുലി ബിജെപിയിൽ ചേരുമെന്ന തരത്തിലുള്ള പ്രചരണങ്ങൾ ബിജെപി ഉയർത്തിയിരുന്നുവെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് ആരോപിച്ചു. രണ്ടാം തവണയും അമിത് ഷായുടെ മകൻ ജയ് ഷായ്ക്ക് ബിസിസിഐ സെക്രട്ടറിയായി തുടരാമെന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഉദാഹരണമാണെന്ന് തൃണമൂൽ ആരോപണം.
ഇത് മറ്റൊരു രാഷ്ട്രീയ പകപോക്കലിന്റെ ഉദാഹരണമാണെന്ന് ടിഎംസി എംപി ശന്തനു സെൻ ട്വിറ്ററിൽ കുറിച്ചു. അമിത് ഷായുടെ മകനെ ബിസിസിഐ സെക്രട്ടറിയായി നിലനിർത്താം. എന്നാൽ, ഗാംഗുലിക്ക് കഴിയില്ല. പശ്ചിമ ബംഗാൾ സ്വദേശിയായതുകൊണ്ടാണോ അതോ ബിജെപിയിൽ ചേരാത്തതുകൊണ്ടാണോ? ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് ദാദാ! എന്നും ട്വീറ്റിൽ പറയുന്നു.