ജനറൽ

അപ്പന്റെ കൈവെട്ടിയ ചെകുത്താൻ'; സ്ഫടികം 4കെ ട്രെയിലർ എത്തി

മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ 4കെ ട്രിയലർ റിലീസ് ചെയ്തു. പുതുതായി ഉൾപ്പെടുത്തിയ ഷോട്ടുകളും മോഹൻലാലിന്റെ മാസ് ഡയലോ​ഗുകളും കൂട്ടിച്ചേർത്ത് കൊണ്ടാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. അതി ​ഗംഭീരം എന്നാണ് ട്രെയിലറിന് ജനങ്ങൾ നൽകിയിരിക്കുന്ന കമന്റ്. ചിത്രം ഫെബ്രുവരി 9ന് പുത്തൽ സാങ്കേതികതയുടെ ദൃശ്യമികവോടെ തിയറ്ററിൽ എത്തും.

രണ്ട് ദിവസം മുന്‍പാണ് സ്ഫടികത്തിന്‍റെ  രണ്ടാം വരവില്‍ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.  സ്ഫടികത്തിന്റെ 24ാം വാർഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിം​ഗ് വെർഷൻ വരുന്നുവെന്ന വിവരം ഭദ്രൻ അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടന്നിരുന്നു. ഇതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രൻ അറിയിച്ചത്. 

1995 ല്‍ തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ എടുത്തുപറയേണ്ടുന്നത് മോഹന്‍ലാല്‍, തിലകന്‍, നെടുമുടി വേണു, ഉര്‍വ്വശി തുടങ്ങി പ്രതിഭാധനരായ ഒരുപിടി അഭിനേതാക്കളുടെ മികച്ച കഥാപാത്രങ്ങളും പ്രകടനങ്ങളുമാണ്.  റീ റിലീസിന് ചിത്രം എത്തുമ്പോള്‍ അഭിനേതാക്കളിലും സാങ്കേതിക പ്രവര്‍ത്തകരിലും ഉള്‍പ്പെട്ട പലരും ഇല്ല എന്നത് നേവുണര്‍ത്തുന്നുണ്ട്. 

അതേസമയം, എലോണ്‍ ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഷാജി കൈലാസ്- മോഹന്‍ലാല്‍ ടീം 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നിച്ച ചിത്രം കൂടി ആയിരുന്നു ഇത്. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ അഭിനേതാവായി മോഹന്‍ലാല്‍ മാത്രമാണ് ചിത്രത്തില്‍ എത്തുന്നത്. കാളിദാസന്‍ എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്‍റെ പേര്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം.