കേരളം

തെരുവുനായ്ക്കളെ കൊല്ലുന്നത് ക്രിമിനല്‍ കുറ്റം; മുന്നറിയിപ്പുമായി ഡിജിപിയുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: തെരുവുനായ് പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ ജനം തെരുവിലിറങ്ങി നായ്ക്കളെ നേരിടുന്നത് തടയണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. എസ്എച്ച്ഒമാര്‍ക്കുള്ള സര്‍ക്കുലറിലാണ് ഡിജിപിയുടെ നിര്‍ദേശം. റസിഡന്റ് അസോസിയേഷനുകളുമായി ചേര്‍ന്ന് നടപടി കൈക്കൊള്ളണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയത്. 1960ല്‍ നിലവില്‍വന്ന മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയുന്നതിനുള്ള നിയമത്തിലെ സെക്ഷന്‍ 11 പ്രകാരം തെരുവുനായ്ക്കള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ ഉപദ്രവിക്കുന്നതോ വിഷം കുത്തിവച്ചോ മറ്റേതെങ്കിലും ക്രൂരമായ രീതിയിലോ കൊല്ലുന്നത് തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വളര്‍ത്തുനായ്ക്കളെ റോഡില്‍ ഉപേക്ഷിക്കുന്നതും കുറ്റമാണ്. തെരുവുനായ്ക്കളില്‍നിന്ന് ബുദ്ധിമുട്ടുണ്ടായാല്‍ നിയമം കൈയിലെടുക്കുന്നതോ ഉപദ്രവിക്കുന്നതോ ജീവന്‍ അപകടത്തിലാവുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതോ കുറ്റമാണ്. ഇക്കാര്യത്തില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ റസിഡന്‍സ് അസോസിയേഷന്‍ വഴി ബോധവല്‍ക്കരണം നടത്തണം. ജില്ലാ പോലിസ് മേധാവിമാര്‍ ഉറപ്പുവരുത്തണം- സര്‍ക്കുലറില്‍ പറയുന്നു. കഴിഞ്ഞ ഏതാനും ദിവസമായി സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ തെരുവുനായ്ക്കളെ വ്യാപകമായി കൊലപ്പെടുത്തിയിരുന്നു.