പ്രാദേശികം

ഈരാറ്റുപേട്ടയുടെ വൃത്തിയ്ക്കായി ചർച്ച നടത്തി വിദ്യാർത്ഥികൾ.

ഈരാറ്റുപേട്ട : നാടിന്റെ വൃത്തിയെ കുറിച്ച് വിദ്യാർത്ഥികൾ തങ്ങളുടെ മനസിലെ ആശയങ്ങൾ പങ്ക് വെച്ചു. ജനകീയ ഓഡിറ്റ് സംഘം അവയെല്ലാം ശ്രദ്ധയോടെ കേട്ട് കുറിച്ചെടുത്ത് രേഖപ്പെടുത്തി. നിലവിൽ നാട് നേരിട്ടുകൊണ്ടിരിക്കുന്ന മാലിന്യ പ്രശ്നങ്ങളും ഭാവിയിൽ തങ്ങളുടെ നഗരം വൃത്തിയുടെ മുൻപന്തിയിൽ എങ്ങനെ എത്തുമെന്നുള്ള ചിന്തകളും പകർന്ന  വിദ്യാർത്ഥികളുടെ ചർച്ച ഏറെ ശ്രദ്ധേയമായി. നഗരസഭയുടെ ഹരിതസഭ സോഷ്യൽ ഓഡിറ്റ് സംഘവുമായുള്ള ചർച്ചയിലാണ് വിദ്യാർത്ഥികൾ തങ്ങളുടെ കാഴ്ചപ്പാട് വിവരിച്ചത്. ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ്സ് പോലിസ് കേഡറ്റുകളുമായാണ് ജനകീയ ഓഡിറ്റ് സംഘം ചർച്ച നടത്തിയത്.

മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ ഭാഗമായി ഇക്കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിൽ നഗരസഭ നടത്തിയ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ വിലയിരുത്തലായാണ് ജനകീയ ഓഡിറ്റ് ആരംഭിച്ചിരിക്കുന്നത്. സ്കൂളിൽ വിദ്യാർത്ഥികളും ഓഡിറ്റ് സംഘവും തമ്മിൽ ഫോക്കസ് ഗ്രൂപ്പ്‌ ചർച്ചയും ഗൂഗിൾ ഫോർമാറ്റിൽ സർവേയും നടന്നു. സർവേയുടെ ചോദ്യാവലിയ്ക്ക് വിദ്യാർത്ഥികൾ  ഉത്തരങ്ങൾ നൽകി. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ ഡോ. സഹല ഫിർദൗസ് ഉദ്ഘാടനം നിർവഹിച്ചു.

ജനകീയ ഓഡിറ്റ് സമിതി സോൺ ലീഡർമാരായ റിട്ട. തഹസീൽദാർ വി എം അഷറഫ്, റിട്ട. സീനിയർ സൂപ്രണ്ട് വി എസ് സലിം, കില റിസോഴ്സ് പേഴ്സൺ ജോഷി ജോസഫ്, സ്കൂൾ ഹെഡ്മിസ്ട്രസ് എം ബി ലീന, എസ്പിസി കോർഡിനേറ്റർ റമീസ്,  
നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ വി എച്ച് അനീസ, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയർ സിമി റോസ് ജോർജ് എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.