കേരളം

നടി സുബി സുരേഷ് അന്തരിച്ചു

സിനിമ-സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10 മണിക്കായിരുന്നു അന്ത്യം.

ടെലിവിഷന്‍ ചാനലുകളിലും സ്റ്റേജുകളിലുമായി നിരവധി വേഷങ്ങളിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ നടിയായിരുന്നു സുബി. കോമഡി സ്‌കിറ്റുകള്‍ ചെയ്യുന്ന വനിത എന്ന നിലയില്‍ വളരെ പെട്ടെന്ന് പ്രശസ്തി നേടി. കൈരളി ടിവിയിലെ നിരവധി പരിപാടികളില്‍ അവതാരകയായും അഭിനേത്രിയായും സുബി എത്തിയിരുന്നു. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. സ്റ്റേജില്‍ തിളങ്ങിയ സുബി പിന്നീട് സിനിമയിലുമെത്തി. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ, ഹാപ്പി ഹസ്ബന്‍ഡ്സ്,101 വെഡിംങ്ങ് തുടങ്ങി ഇരുപതിലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറയിലായിരുന്നു സുബിയുടെ ജനനം. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും, എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.അച്ഛന്‍ സുരേഷ്, അമ്മ അംബിക, സഹോദരന്‍ എബി സുരേഷ്.

സ്‌കൂള്‍ പഠനകാലത്തുതന്നെ നൃത്തം പഠിക്കാന്‍ തുടങ്ങി. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് മിനിസ്‌ക്രീനിലെത്തിയ താരം അതിവേഗം ബിഗ് സ്‌ക്രീനിലേക്കും ചുവടുവെച്ചു. അതിനിടെയിലാണ് കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായത്. നാളെ രാവിലെ 10 മുതൽ 2 വരെ വരാപ്പുഴയിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം സംസ്കരിക്കും.