ജനറൽ

വേനൽക്കാലം കരുതലോടെ മറികടക്കാം

വേനല്‍ക്കാലം അതിരൂക്ഷമാകുന്നു. താപനില കൂടുന്നതിനാല്‍ വേനലില്‍ നിര്‍ജ്ജലീകരണത്തിനുള്ള സാധ്യതയും കൂടുതലാണ്. ദാഹിക്കുന്നതിന് കാത്തിരിക്കാതെ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. ദിവസം രണ്ടര മുതല്‍ മൂന്നു ലിറ്റര്‍ വരെ വെള്ളം കുടിക്കാം. നാരങ്ങവെള്ളം, കഞ്ഞിവെള്ളം, മോരിന്‍വെള്ളം, കരിക്കിന്‍വെള്ളം, ജീരകവെള്ളം തുടങ്ങിയ പോഷക ഗുണങ്ങള്‍ ഏറെയുള്ള വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

അമിതമായി ഭക്ഷണം കഴിക്കാതെ കുറഞ്ഞ അളവില്‍ ഭക്ഷണം ഇടവേളകളിട്ട് കഴിക്കുന്നതാണ് നല്ലത്. വെള്ളം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ചര്‍മ്മരോഗങ്ങളില്‍ നിന്നും വിറ്റമിന്റെ അഭാവത്തിലുള്ള രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ പഴങ്ങള്‍ കഴിക്കാം. നാരങ്ങ വര്‍ഗ്ഗത്തില്‍പ്പെട്ട പഴങ്ങള്‍ (ഓറഞ്ച്, ചെറുനാരങ്ങ, മുസമ്പി), തണ്ണിമത്തന്‍, മാതളനാരങ്ങ, മസ്‌ക്മെലന്‍ എന്നിവ ഉള്‍പ്പെടുത്തുക.

വിറ്റാമിനുകളുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് പൈനാപ്പിള്‍. മാമ്പഴത്തില്‍ ബീറ്റാ കരോട്ടീന്‍, വിറ്റമിന്‍ എ, സി എന്നിവ ധാരാളമായിട്ടുണ്ട്. ഇത് വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കും. സൂര്യപ്രകാശം കൊണ്ട് ചര്‍മ്മത്തിനുണ്ടാക്കുന്ന കരുവാളിപ്പ് മാറാന്‍ പപ്പായ സഹായിക്കും.

ഇടനേരങ്ങളില്‍ പച്ചക്കറി സാലഡ് കഴിക്കുന്നത് നിര്‍ബന്ധമാക്കണം. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കണം. ഫാസ്റ്റ് ഫുഡുകള്‍, പായ്ക്കറ്റ് ആഹാരസാധനങ്ങള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. എരിവ്, പുളി, മസാല എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഇവയുടെ അമിത ഉപയോഗം ദഹനക്കേടിന് കാരണമാകും.

ചായ, കാപ്പി എന്നിവയ്ക്ക് പകരം ഫ്രൂട്ട് ജ്യൂസുകളോ ഉപ്പ് കുറച്ചുള്ള പച്ചക്കറിസൂപ്പുകളോ ഉള്‍പ്പെടുത്താം. വേനലില്‍ ഊര്‍ജ്ജസ്വലതും ഉന്‍മേഷവും ലഭിക്കാന്‍ ഉത്തമമായ പാനീയമാണ് ഇളനീര്‍. ഇത് ദാഹവും ക്ഷീണവും അകറ്റുന്നു.

ഇറച്ചി, മുട്ട വറുത്തത് എന്നത് കഴിവതും കുറയ്ക്കണം. അധികം മധുരമുള്ള പലഹാരങ്ങള്‍, ഉപ്പ് കൂടുതലുള്ള പലഹാരങ്ങള്‍ എന്നിവ കുറയ്ക്കണം.