ഈരാറ്റുപേട്ട.സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനൊപ്പം അവയെ കുറിച്ചുള്ള അവബോധം വളര്‍ത്തുക കൂടി വേണമെന്ന് ആന്റോ ആന്റണി എംപി ആഹ്വാനം ചെയ്തു. കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള കോട്ടയം സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന ത്രിദിന സ്വച്ചതാ ഹി സേവ ബോധവല്‍ക്കരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, ഐസിഡിഎസ് ഈരാറ്റുപേട്ട പ്രൊജക്ട് എന്നിവയുമായി സഹകരിച്ചാണ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സുഹറ അബ്ദുല്‍ഖാദര്‍, വൈസ് ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഇല്യാസ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കേരളാ-ലക്ഷദ്വീപ് ജോയിന്റ് ഡയറക്ടര്‍ വി. പാര്‍വ്വതി, പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി, സിഡിപിഒ കെ. ജാസ്മിന്‍, ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ടി. സരിന്‍ലാല്‍ സംസാരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷഫ്‌ന അമീന്‍, ഫാസില അന്‍സാര്‍, അന്‍സര്‍ പുള്ളോലില്‍, പിഎം അബ്ദുള്‍ഖാദര്‍, കൗണ്‍സിലര്‍മാരായ ഫസല്‍ റഷീദ്, റിയാസ് പ്ലാമൂട്ടില്‍, നാസര്‍ വെള്ളൂപ്പാറ, അനസ് പാറയില്‍, റാപിഡ് റെസ്‌പോണ്‍സ് പ്രോഗ്രാം അംഗങ്ങള്‍ തുടങ്ങിയവരും സംബന്ധിച്ചു.
വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ക്ലാസുകള്‍, പ്രദര്‍ശനങങള്‍, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട അപൂര്‍വ്വ ചിത്രങ്ങളുടെ പ്രദര്‍ശനം, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഗീത നാടക വിഭാഗത്തിന്റെ കലാപരിപാടികള്‍, ഐസിഡിഎസ് പ്രവര്‍ത്തകരുടെ കലാപരിപാടികള്‍, മല്‍സരങ്ങള്‍ തുടങ്ങിയവയും നടന്നു. ബോധവല്‍ക്കരണ പരിപാടികളും പ്രദര്‍ശനവും ഈരാറ്റുപേട്ട ഫൗസിയ ഓഡിറ്റോറിയത്തില്‍ ബുധനാഴ്ച വരെ തുടരും