കേരളം

പന്നിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം; തൃശ്ശൂർ ചേർപ്പിൽ കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവൻ പന്നികളേയും കൊല്ലും

തൃശൂർ: പന്നിപ്പനി കണ്ടെത്തിയതിനെ തുടർന്ന് തൃശ്ശൂരിൽ ജാഗ്രത നിർദ്ദേശം. തൃശ്ശൂർ ചേർപ്പിനടുത്ത് എട്ടുമുനയിലെ സ്വകാര്യ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോ​ഗം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ – മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.

ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ അനുസരിച്ച് രോഗബാധ കണ്ടെത്തിയ പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളേയും കൊല്ലാനാണ് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലെ തീരുമാനം. പന്നിപ്പനി സ്ഥിരീകരിച്ച ഫാമിന്റെ പരിസരത്തേയ്‌ക്ക് പൊതുജനങ്ങളെ വിലക്കിയിരിക്കുകയാണ്. സമീപപ്രദേശങ്ങളിൽ പന്നിയിറച്ചി വിൽക്കാനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.