ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ. എല്ലാ ഭാഷകളെയും തുല്യതയോടെ കാണണമെന്ന് കേന്ദ്രസർക്കാരിനോട് തമിഴ്‌നാട് നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്.
ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭയിൽ സർക്കാർ പ്രമേയം പാസാക്കിയത്.
ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾ വിവിധ ഭാഷകളിലും സംസ്‌കാരങ്ങളിലുമുള്ള ആളുകളുടെ സാഹോദര്യ വികാരത്തെ ഇല്ലാതാക്കുമെന്നും രാജ്യത്തിന്റെ അഖണ്ഡതയെ നശിപ്പിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം രാജ്യത്തെ ഭിന്നിപ്പിക്കും. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.