ഈരാറ്റുപേട്ട.സുഗന്ധവിളകളിൽ പ്രധാനിയും പാചക മസാലക്കൂട്ടുകളിൽ ഒഴിച്ചുകൂടാനാവാത്തതുമായ കരയാമ്പൂ എന്ന തലനാടൻ ഗ്രാമ്പുവിന് കൃഷി വകുപ്പിന്റെയും കേരള കാർഷിക സർവ്വകലാശാലയുടെയും സംയുക്ത ഇടപെടലിലൂടെ സവിശേഷ വിളകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഭൗമസൂചിക പദവി ലഭിച്ചു.
പ്രാദേശികമായ പ്രത്യേകതകളാൽ ഉന്നത ഗുണനിലവാരത്തിലും ഔഷധഗുണങ്ങളാൽ സമ്പുഷ്‌ടവുമായ തലനാടൻ ഗ്രാമ്പുവിന് ഇനി ദേശിയ-അന്തർദേശിയ വിപണികളിൽ പ്രീയമേറും. കോട്ടയം മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട നഗരസഭയിൽ 10
കിലോമീറ്റർ അകലെയുള്ള മലമ്പ്രദേശ ഗ്രാമ പഞ്ചായത്തായ തലനാട്പഞ്ചായത്ത്, സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ ഗ്രാമ്പു കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയോട് കൂടിയ സ്ഥിതിചെയ്യുന്ന പ്രദേശമാണ്.
നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ തലനാടിന്റെ മണ്ണിലേക്ക് അതിഥിയായി എത്തിയ ഗ്രാമ്പുവിനെ ഇവിടത്തുകാർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
ഡിസംബർ-ജനുവരി മാസങ്ങളിലാണ് വിളവെടുപ്പ് നടക്കുന്നത്. ഗ്രാമ്പൂ മരത്തിന്റെ
(സിസൈജിയം അരോമാറ്റിക്കം) സുഗന്ധമുള്ള മുകുളമാണ് ഗ്രാമ്പൂ. മലയാളത്തിൽ 'ഗ്രാമ്പു' എന്നും 'കാ-രായംപൂ' എന്നും വിളിക്കപ്പെടുന്ന ഈ മുകുളങ്ങൾ ഒരു രുചിവർദ്ധക ഘടകമായും, സുഗന്ധവ്യഞ്ജനമായും, മരുന്നുകളിലും ഉപയോഗിക്കുന്നു. മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള ഗ്രാമ്പൂകളെ അപേക്ഷിച്ച് തലനാട് ഗ്രാമ്പൂയിൽ യൂജെനോൾ, കരിയോഫിലീൻ എന്നിവയുടെ അളവ് കൂടുതലാണെന്ന് കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെപഠനം വെളിപ്പെടുത്തിയിരുന്നു.
ക്ലോവ് ഗ്രോവേഴ്സ് ആൻഡ് പ്രോസസ്സിംഗ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഗ്രാമ്പുവിന്റെ സംഭരണം, സംസ്കരണം, ഗ്രേഡിംഗ്, വിപണനം തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വിളവെടുക്കുന്ന ഗ്രാമ്പു മൊട്ടിന്റെ ആകർഷകമായ നിറം, ഗുണമേന്മയിലെയും വലിപ്പത്തിലെയും സവിശേഷതകൾ എന്നിവയാണ് തലനാടൻ ഗ്രാമ്പുവിനെ വിപണിയിൽ വ്യത്യസ്തനാക്കുന്നത്. വിളവെടുക്കുന്ന മൊട്ടിന്റെ ഗുണമേന്മയും വിപണിയിലെ സ്വീകാര്യതയും മനസിലാക്കി മികച്ച വില നൽകി സംഭരിക്കാൻ സ്ഥിരം ഉപഭോക്താക്കളും ഇവിടത്തെ ഗ്രാമ്പുവിന് ഉണ്ട്.