റീല്‍സ് വീഡിയോകളിലൂടെ സമീപകാലത്ത് തരംഗമായ മ്യൂസിക്കല്‍ ബീറ്റ് ആയിരുന്നു ബേസില്‍ ജോസഫ് നായകനാവുന്ന ജയ ജയ ജയ ജയ ഹേയിലേത്. ചിത്രത്തിന്‍റെ ടീസറിലെ പശ്ചാത്തലസംഗീതമാണ് റീല്‍സുകളിലൂടെ ആസ്വാദകരിലേക്ക് എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ അണിയറക്കാര്‍ ഈ തീം സോംഗ് ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അങ്കിത് മേനോന്‍ ആണ്. ശ്രേയ ആര്‍, ആദിത്യ അജയ്, സഞ്ജന ജെ, ഗൌരി എന്നിവരാണ് പാടിയിരിക്കുന്നത്.
ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിന്‍ ദാസ് ആണ്. മുത്തുഗൌ, അന്താക്ഷരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വിപിന്‍. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാനെമൻ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റ് ആണ് ഈ ചിത്രത്തിന്‍റെയും നിര്‍മ്മാണം. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അമൽ പോൾസന്‍ ആണ് സഹനിർമ്മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.
ഒരു കോമഡി എന്റർടെയ്നർ ആകും ചിത്രമെന്നാണ് സൂചന. ടീസര്‍ ഉള്‍പ്പെടെയുള്ള പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ ഇതിനകം പ്രേക്ഷകശ്രദ്ധയില്‍ എത്തിയിട്ടുണ്ട് ചിത്രം. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കലാസംവിധാനം ബാബു പിള്ള, ചമയം സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം അശ്വതി ജയകുമാർ, നിർമ്മാണ നിർവ്വഹണം പ്രശാന്ത് നാരായണൻ, മുഖ്യ സഹസംവിധാനം അനീവ് സുരേന്ദ്രൻ, ധനകാര്യം അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടൻ, വാർത്താ പ്രചരണം ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്.