കേരളം

നിർമ്മാണസാമഗ്രികളുടെ വില 10 മുതൽ 20 ശതമാനം വരെ വർദ്ധിപ്പിച്ചു

കോഴിക്കോട്‌: ഒരു കാരണവുമില്ലാതെ സിമന്റിന് വില വർദ്ധിപ്പിച്ച കമ്പനികളുടെ തേപ്പിൽ വീടുപണിയടക്കം പാതിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാർ. രണ്ടാഴ്ചയ്ക്കിടെ സിമന്റിന് ചാക്കൊന്നിന് 60 മുതൽ 90 രൂപ വരെയാണ്  വർദ്ധിച്ചത്. മുൻനിര ബ്രാൻഡുകളുടെ വിലയിലാണ് കാര്യമായ മാറ്റം. എ ഗ്രേഡ് സിമന്റിന് ചാക്കിന് 480 മുതൽ 510 രൂപ വരെയാണ് വില. രണ്ടാഴ്ച മുമ്പ് വരെ 370 - 400 രൂപയ്ക്കുള്ളിൽ ലഭിച്ച സിമന്റിനാണ് ഇങ്ങനെ വില കൂടിയത്. ബി ഗ്രേഡ് സിമന്റുകൾക്കും വൈകാതെ വില ഉയർന്നേക്കുമെന്ന് വ്യാപാരികൾ പറയുന്നു.

കൊവിഡ് ലോക്ക്ഡൗണിന് ശേഷം നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നിരുന്നെങ്കിലും പിന്നീട് പടിപടിയായി കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം മുതൽ വിവിധ നിർമ്മാണ സാമഗ്രികളുടെ വിലയിൽ കാര്യമായ വർദ്ധനവുണ്ട്. മഴ വിട്ടുനിന്നതോടെ നിർമ്മാണ പ്രവൃത്തികൾ കൂടുതലായി തുടങ്ങുന്ന സമയത്തെ വില വർദ്ധനവ് നിർമ്മാണ മേഖലയ്ക്ക് ഇടിത്തീയായിട്ടുണ്ട്.

ഒരുമാസത്തിനിടെ നിർമ്മാണ സാമഗ്രികളുടെ വില 10 മുതൽ 20 ശതമാനം വരെ വർദ്ധിച്ചു. ഒരു ചതുരശ്ര അടിക്ക് 30 മുതൽ 50 രൂപ വരെ കൂടിയതിനാൽ അധികച്ചെലവ് ഉടമകൾ വഹിക്കണമെന്ന നിലപാടിലാണ് കരാറുകാർ. ടി.എം.ടി കമ്പികളുടെ വിലയിൽ കാര്യമായ വർദ്ധനവുണ്ട്. നേരത്തെ കിലോയ്ക്ക് 65 - 70 രൂപ നിരക്കായിരുന്നെങ്കിൽ ഇപ്പോൾ 72 മുതൽ 80 രൂപ വരെയായി. മുൻനിര ബ്രാൻഡഡ് കമ്പികൾക്ക് 80 രൂപയ്ക്ക് മുകളിലാണ് വില. ഇൻഡസ്ട്രിയൽ പ്രവൃത്തികൾക്ക് ഉപയോഗിക്കുന്ന കമ്പികളുടെ വില വീണ്ടും വർദ്ധിക്കുന്നുണ്ട്. 115 രൂപ വരെ എത്തിയിരുന്ന വില താഴ്ന്ന് 95ൽ എത്തിയിരുന്നു. ഇതാണ് വീണ്ടും ഉയരുന്നത്. ചെങ്കല്ലിന് 48 മുതൽ 55 രൂപ വരെ നൽകണം. 45 രൂപയ്ക്ക് ഫസ്റ്റ് ക്വാളിറ്റി ചെങ്കല്ല് കിട്ടിയിരുന്ന സ്ഥാനത്താണിത്.